ശബരിമല: പുതിയ കൊടിമരം വികൃതമാക്കി അഞ്ച് ആന്ധ്രക്കാര്‍ പിടിയില്‍

Tuesday 27 June 2017 1:04 am IST

  ശബരിമല: പ്രതിഷ്ഠിച്ച് മണിക്കൂറുകള്‍ക്കകം ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരം വികൃതമാക്കി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം) ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ ആന്ധ്ര സ്വദേശികളായ അഞ്ചു പേര്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്ക് പ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയാക്കി അല്‍പ്പ സമയത്തിനു ശേഷമാണ് സംഭവം. പോലീസ് പരിശോധനകള്‍ക്കും രാസ പരിശോധനയ്ക്കും ശേഷം രാത്രിയോടെ ശില്‍പ്പി പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ പഞ്ചവര്‍ഗത്തറ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവൃത്തി തുടങ്ങി. ഇന്നലെ പുലര്‍ച്ചെ അവസാനിച്ചു. തുടര്‍ന്ന് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിമരത്തില്‍ ശുദ്ധിക്രിയ നടത്തി പുണ്യാഹം തളിച്ചു. കൃഷ്ണ ജില്ലയിലെ സുധാകര്‍ റെഡ്ഡി (48), സത്യനാരായണ റെഡ്ഡി (50), ഡി. വെങ്കിട്ട റാവു (38), ഡി.എന്‍. എല്‍. ചൗധരി (25), ജി. ഉമാമഹേശ്വര റെഡ്ഡി (30) എന്നിവരെ പിന്നീട് പമ്പയില്‍ നിന്ന് അറസ്റ്റ് ചെയ്തു. രസം തളിച്ചത് തങ്ങളെന്ന് ഇവര്‍ സമ്മതിച്ചതായി ഐജി മനോജ് ഏബ്രഹാം പറഞ്ഞു. കൊടിമരം സ്ഥാപിക്കുമ്പോള്‍ നവധാന്യങ്ങളും രസവും നിക്ഷേപിക്കുന്ന രീതി നാട്ടിലുണ്ടെന്നും അതനുസരിച്ചാണ് ഇവിടെയും ഇതു ചെയ്തതെന്നും ഇവര്‍ പറഞ്ഞുവെന്നും ഐജി വ്യക്തമാക്കി. ആന്ധ്രയില്‍ നിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയി ലെത്തി. സിഐയുടെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം ഇവര്‍ക്കൊപ്പം ആന്ധ്രയില്‍ പോയി അന്വേഷണം നടത്തും. പ്രതിഷ്ഠാച്ചടങ്ങും ഉച്ചപൂജയും കഴിഞ്ഞ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് നട അടച്ചതിന് ശേഷം കൊടിമരത്തിലെ അലങ്കാരങ്ങള്‍ നീക്കുമ്പോഴാണ് പഞ്ചവര്‍ഗത്തറയില്‍ ക്ഷേത്രത്തിന് അഭിമുഖമായ ഭാഗത്ത് കുറേ സ്ഥലങ്ങളില്‍ നിറംമങ്ങി വെള്ളി നിറമായത് കണ്ടത്. പ്രവൃത്തിക്കാര്‍ ഇത് ദേവസ്വം അധികാരികളെ അറിയിച്ചു. വിശദ പരിശോധനയില്‍ രസമാണിതെന്ന് തെളിഞ്ഞു. നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണം അഞ്ചു പേരിലേക്ക് എത്തിയത്. 1.27ഓടെ കൊടിമരത്തിന് സമീപം എത്തിയ മൂന്നു പേരില്‍ പ്രായമുള്ളയാള്‍ കൊടിമരച്ചുവട്ടില്‍ എന്തോ ഇട്ട ശേഷം നമസ്‌കാരമണ്ഡപത്തിലേക്ക് കയറി. തുടര്‍ന്ന് മറ്റു രണ്ട് പേരോട് സംസാരിച്ച ശേഷം കൈയില്‍ ചെറിയൊരു പാത്രവുമായി വന്ന് പഞ്ചവര്‍ഗത്തറയില്‍ എന്തോ തളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. ഇവരില്‍ ഒരാളുടെ കൈയിലും കാല്‍പ്പാദങ്ങളിലും വെളുത്ത പാടുകള്‍ ഉണ്ടായിരുന്നത് തിരിച്ചറിയാന്‍ സഹായിച്ചു. ഉടന്‍ പോലീസ്, ദേവസ്വം ഉദ്യോഗസ്ഥര്‍ ക്യാമറ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പമ്പയിലെ സഹപ്രവര്‍ത്തകര്‍ക്ക് കൈമാറി. ത്രിവേണി പാലത്തിനു സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ഗാര്‍ഡുമാരാണ് ഇവരില്‍ ഒരാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പിന്നീട് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രസം നിറച്ച പാത്രങ്ങളും കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.