നടിയെ തട്ടിക്കൊണ്ടുപോകല്‍: രണ്ടുപേര്‍ അറസ്റ്റില്‍; ഫോണും സിമ്മും പിടിച്ചെടുത്തു

Tuesday 27 June 2017 1:12 am IST

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗൂഢാലോചന കുറ്റത്തിന് രണ്ടു പേര്‍ അറസ്റ്റില്‍. കാക്കനാട് ജില്ലാ ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു, പത്തനംതിട്ട സ്വദേശി സനല്‍കുമാര്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചു കൊടുത്തുവെന്ന കുറ്റത്തിനാണ് വിഷ്ണുവിന്റെ അറസ്റ്റെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് സ്ഥിരീകരിച്ചു. ഈ ഫോണും സിം കാര്‍ഡും പോലീസ് ജയിലില്‍ നിന്ന് കണ്ടെടുത്തു. ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണ് വിഷ്ണു ഫോണ്‍ എത്തിച്ചത്. പുതിയ ഷൂ വാങ്ങി അടിഭാഗത്തെ സോള്‍ മുറിച്ചുമാറ്റി ഉള്ളില്‍ വച്ചാണ് ഫോണ്‍ കടത്തിയത്. ജയില്‍ അധികൃതരുടെ പരിശോധനയില്‍ ഇതു കണ്ടെത്താനായില്ല. ഈ ഫോണില്‍ നിന്നാണ് സുനി, ദിലീപിനെയും ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും വിളിച്ചത്. തമിഴ്‌നാട് സ്വദേശിയുടെ വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് സിം എടുത്തത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പണം ആവശ്യപ്പെട്ട് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിലല്ല, നടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. അതേസമയം, കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയാറെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. കേസില്‍ ദിലീപിന്റെ പങ്ക് സൂചിപ്പിക്കുന്ന മൊഴിയാണ് പള്‍സര്‍ സുനി നല്‍കിയതെന്നാണ് ഇന്നലെ പുറത്തുവന്ന പുതിയ വിവരം. കേസില്‍ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം പള്‍സര്‍ സുനിയെ ഒന്നിലധികം തവണ ജയിലിലെത്തി ചോദ്യം ചെയ്തു. കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ സുനി ഉറച്ചു നിന്നു. മൊഴിയുടെ സത്യാവസ്ഥ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.