നാഥുലാ ചുരം അടയ്ക്കുമെന്ന് ചൈനയുടെ ഭീഷണി

Tuesday 27 June 2017 3:59 pm IST

ബീജിംഗ്: സിക്കിമിലെ അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതിക്രമിച്ചു കയറിയെന്നും എത്രയും പെട്ടന്ന് പിന്മാറിയില്ലെങ്കില്‍ കൈലാസ് മാനസരോവര്‍ യാത്രക്കായി തുറന്നിട്ടുള്ള നാഥുലാ ചുരം എന്നന്നേക്കുമായി അടയ്ക്കുമെന്നും ചൈന. വിഷയം ഇന്ത്യയോട് നയതന്ത്രപരമായി ഉന്നയിച്ചിട്ടുണ്ടെന്നും നിലപാട് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് മാധ്യമങ്ങളോട് പറഞ്ഞു. സിക്കിം സെക്ടറില്‍ ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേന തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയെന്നാണ് ചൈന ആരോപിക്കുന്നത്. തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാഥുല ചുരം വഴിയുള്ള യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ചൈന എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ, അടുത്തിടെ ഇന്ത്യയുടെ സൈനികർ ചൈനീസ് അതിർത്തിയിൽ നുഴഞ്ഞു കയറുകയും ചൈനയുടെ നിർമാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയുമായിരുന്നു. അതിനാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. പുതിയതായി തുറന്ന നാഥുല ചുരം വഴി കൈലാസ സന്ദർശനത്തിനു തിരിച്ച ഈ വർഷത്തെ ആദ്യ ബാച്ചിലെ 47 പേർക്കാണ് ചൈന പ്രവേശനാനുമതി നിഷേധിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ടിബറ്റിലേക്ക് പ്രവേശിക്കുന്നത് ചൈന തടഞ്ഞിരിക്കുകയാണ്. നാഥുലാ ചുരത്തില്‍ ഇവരെ തടഞ്ഞത് സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നാണ് ചൈന അറിയിച്ചിരുന്നത്. അതിര്‍ത്തി തര്‍ക്കമാണ് വിഷയത്തിന് കാരണമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.