കാളിപ്പാറയിലെ ജലം ചോരുന്നു

Tuesday 27 June 2017 8:17 pm IST

കാട്ടാക്കട: കാളിപ്പാറയില്‍ നിന്നുളള കുടിവെളളം ഭൂമിക്കടിലൂടെ ചോര്‍ന്ന് വീടുകളിലെത്തുന്നു. മേലാരിയോട് കുരുവിന്‍മുകള്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ വീടുകളിലേക്കാണ് കഴിഞ്ഞ 3 ദിവസമായി വെളളം ഇരച്ച് കയറുന്നത്. രണ്ടാഴ്ച മുന്‍പ് ഈ ടാങ്കില്‍ നിന്ന് ജലം ഓവര്‍ ഫ്‌ലോയിലൂടെ പാഴാകുന്ന വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അധികൃതര്‍ വാല്‍വില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചിരുന്നു. എന്നാലിപ്പോള്‍ ജലം ഭൂമിക്കടിയിലൂടെ പ്രദേശത്തെ വീടുകളില്‍ ഒഴുകിയെത്തുകയാണ്. പ്രദേശത്തെ വീടുകളുടെ പരിസരവും കിണറും സെപ്റ്റിക്ക് ടാങ്കുകളും നിറഞ്ഞു കഴിഞ്ഞു. പ്രദേശവാസികളായ സെല്‍വന്‍, ഗോപി, ഓമനക്കുട്ടന്‍, അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്ന ജലം ഭീഷണിയായിരിക്കുന്നത്. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ചുറ്റു മതിലുകള്‍ക്കും വീടിന്റെ ചുമരുകള്‍ക്കും വിള്ളലുണ്ടായിട്ടുണ്ട്. 65 അടി താഴ്ചയുള്ള സെല്‍വന്റെ കിണറില്‍ ഇനി നാലടിയോളം ജലം ഒഴുകിയിറങ്ങിയാല്‍ കിണര്‍ നിറയുന്ന അവസ്ഥയാണ്. ടാങ്കിനു സമീപം ഉണ്ടായിരുന്ന ചോര്‍ച്ച തടഞ്ഞതോടെ വെള്ളം പമ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ കുഴിച്ചിട്ടിരിക്കുന്ന പൈപ്പ് പൊട്ടി വെള്ളം ചോര്‍ന്നിറങ്ങുന്നതാകാം കാരമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിവരം ധരിപ്പിച്ചെങ്കിലും പരാതി നല്‍കിയാല്‍ നോക്കാം എന്നാണ് മറുപടി. കരാറുകാരനും നാട്ടുകാരുമായി ഇതേ ചൊല്ലി ചെറിയ തോതില്‍ വാക്കേറ്റം നടന്നു. ഒടുവില്‍ ഒഴുക്ക് ക്രമീകരിക്കുന്ന വാല്‍വ് തുറന്നു. ഇതോടെ ജലത്തിന്റെ ഒഴുക്ക് ഭാഗീകമായി നിലച്ചു. 2006 ല്‍ മാറനല്ലൂര്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ക്ക് കുടിവെളളം എത്തിക്കാനായി നിര്‍മ്മിച്ച 4.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്കിന് സമീപത്താണ് ലീക്ക് ഉണ്ടായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.