പട്ടികജാതി ക്ഷേമത്തിനായി സുരേഷ് ഗോപി 50 ലക്ഷം രൂപ നല്‍കും

Tuesday 27 June 2017 9:17 pm IST

പാലക്കാട്: പട്ടികജാതി പട്ടികവര്‍ഗ ഉന്നമനത്തിനും ക്ഷേമത്തിനുമായി സുരേഷ് ഗോപി എംപി 50 ലക്ഷം രൂപ പ്രഖ്യാപിച്ചു. യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഭാ പുരസ്‌കാര ചടങ്ങിലായിരുന്നു പ്രഖ്യാപനം. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച 50 ലക്ഷം രൂപയാണ് മകളുടെ പേരിലുള്ള ലക്ഷ്മി സുരേഷ്‌ഗോപി എംപി ഇനീഷിയേറ്റീവ് ട്രസ്റ്റ് വഴി വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എംപി ഫണ്ടില്‍ നിന്ന് ഇതിനായി തുക എടുക്കുന്നില്ലെന്നും സ്വന്തം മക്കള്‍ക്കായി താന്‍ ജോലി ചെയ്ത് സമ്പാദിച്ച പണത്തില്‍ നിന്നാണ് ഇത് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥതല തടസ്സങ്ങള്‍ ഇല്ലാതെയും ജനാധിപത്യചങ്ങലകളില്‍ കുരുങ്ങാതെയും എത്രയും വേഗം കേരളത്തിലെ ആദിവാസി സമൂഹത്തിലേക്ക് തുക എത്തിക്കുകയെന്നാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം എംപി ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം ഏറെ വേദനാജനകമാണ്. ശിശുമരണമടക്കം ആദിവാസി ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ പരിഹരിക്കുവാന്‍ കഴിയൂ. ആദിവാസി മേഖലകളിലെ ഓരോ ഗ്രാമത്തിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുവാന്‍ കഴിയണം. ആദിവാസി മേഖലകളില്‍ പലിശ ഈടാക്കാതെയുള്ള ബാങ്കിങ് സംവിധാനമടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും സുരേഷ്‌ഗോപി എം.പി.പറഞ്ഞു 22 വര്‍ഷത്തിനുശേഷം അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തില്‍ നിന്നും എംബിബിഎസ് നേടിയ തുളസിയുടെ നേട്ടം അഭിനന്ദനാര്‍ഹമാണ്. വിദ്യാഭ്യാസ നയവും അതിലുണ്ടായ മാറ്റങ്ങളും വിമര്‍ശനാത്മകമായ വിഷയമാണ്. എങ്കിലും ഈ വര്‍ഷത്തെ വിവിധ പരീക്ഷാഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും, എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. ബിജെപി സംസ്ഥാന നേതാക്കളായ എന്‍.ശിവരാജന്‍, ശോഭാ സുരേന്ദ്രന്‍, സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ്, കെ.ജി. പ്രദീപ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി. നന്ദകുമാര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.