പോര്‍ച്ചുഗല്‍ - ചിലി സെമി ഇന്ന്

Tuesday 27 June 2017 9:50 pm IST

മോസ്‌ക്കോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ഇന്ന് ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലിയുമായി കൊമ്പുകോര്‍ക്കും. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി മെക്‌സിക്കോയുമായി മാറ്റുരയ്ക്കും. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.മൂന്ന് മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു സമനിലയും നേടിയ പോര്‍ച്ചുഗലിന് ഏഴു പോയിന്റു ലഭിച്ചു. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ചിലി സെമിയില്‍ കടന്നത്.മൂന്ന് മത്സരങ്ങളില്‍ ഒരുജയവും രണ്ടു സമനിലയും വഴി അവര്‍ക്ക് അഞ്ചു പോയിന്റു ലഭിച്ചു. സെമിഫൈനലിനിറങ്ങുന്ന ചിലിയെമധ്യനിരയിലെ കരുത്തനായ ചാള്‍സ് അരാന്‍ഗ്യൂയിസിന്റെ പരിക്ക് അലട്ടുന്നുണ്ട്. പരിക്കു ഭേദമായി ചാള്‍സ് അരാന്‍ഗൂയിസ് ഇന്ന് മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് ചിലി കോച്ച് യുവാന്‍ അന്റോണിയോ പിസിയുടെ പ്രതീക്ഷ. ഞായറാഴ്ച മോസ്‌ക്കോയില്‍ റഷ്യയുമായുളള മത്സരത്തിനിടയ്ക്ക് ടിം കാഹില്ലുമായി കൂട്ടിയിടിച്ചാണ് ചാള്‍സിന് പരിക്കേറ്റത്. കഴിഞ്ഞവര്‍ഷം അരാന്‍ഗ്യൂയിസും പ്രതിരോധ നിരയിലെ ആര്‍ടുറോയും ചേര്‍ന്നാണ് ചിലിക്ക് കോപ്പ അമേരിക്കയില്‍ കിരീട വിജയമൊരുക്കിയത്. ഫെര്‍നാന്‍ഡോ സാന്റോസ് പരിശീലിപ്പിക്കുന്ന പോര്‍ച്ചുഗലിനെതിരെ ചിലിക്ക് മികച്ച പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന് ചിലിയുടെ കോച്ച് അന്റോണിയോ പിസി പറഞ്ഞു.ലോകത്തെ മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന യുറോ കപ്പ് നേടിയ ടീമാണ് പോര്‍ച്ചുഗല്‍. ഒട്ടെറെ ലോകോത്തര കളിക്കാരും ടീമിലുണ്ട്. എന്നിരുന്നാലും അവരെ പിടിച്ചു നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് അന്റോണിയോ പിസി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.