സിപിഎം കേന്ദ്രത്തില്‍ ആയുധ പരിശീലനം അക്രമം വ്യാപിപ്പിക്കുന്നത് നേതൃത്വത്തിന്റെ അറിവോടെ

Tuesday 27 June 2017 10:05 pm IST

കോഴിക്കോട്: വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമം വ്യാപിക്കുന്നത് നേതൃത്വത്തിന്റെ അറിവോടെ. തുടര്‍ച്ചയായി രാത്രി കാലങ്ങളില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെയാണ് ബോംബേറ് നടക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് നേരെ വധശ്രമം നടന്നുവെന്ന് പ്രചരിപ്പിച്ചാണ് ജില്ലയില്‍ വ്യാപക അക്രമം അരങ്ങേറിയത്. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ പരക്കെ ബോംബേറ് നടന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്നുവെന്ന് റയപ്പെടുന്ന അക്രമത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. പ്രചാരണം തിരിച്ചടിക്കുന്നതിന്റെ ജാള്യത മറച്ചുവെക്കാനാണ് ജില്ലയില്‍ വ്യാപക അക്രമങ്ങള്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്തത്. അക്രമത്തില്‍ 'മൂന്നാംകക്ഷി'യുണ്ടെന്ന് പ്രചരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗവും ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥരും പരിശ്രമിച്ചു. എന്നാല്‍ കല്ലാച്ചിയില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ നടന്ന ബോംബേറിലാണ് സിപിഎം പദ്ധതി പാളിയത്. സ്ഥലത്ത് നിന്ന് സിപിഎം പ്രവര്‍ത്തകന്റെ മൊബൈല്‍ഫോണ്‍ നാട്ടുകാര്‍ക്ക് ലഭിച്ചതാണ് സിപിഎം കള്ളപ്രചാരണത്തിന്റെ മുനയൊടിച്ചത്. നേതൃത്വവുമായി അടുത്ത ബന്ധമുള്ള ക്രിമിനലുകളെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്നല്ല കിട്ടിയതെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്താന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ പരിശ്രമിച്ചിരുന്നു. ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ വസ്തുത രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായത്. ഇതിനിടെ വളയം ചുഴലി മുതുകുറ്റിയില്‍ നടന്ന സിപിഎം ആയുധപരിശീലനം ജില്ലയില്‍ വ്യാപക അക്രമം നടത്താനുള്ള ആസൂത്രണത്തിന്റെ മുന്നൊരുക്കമാണെന്ന് സംശയം ബലപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ് പരിശീലനത്തില്‍ പങ്കെടുത്തതെന്നറിയുന്നു. ആയുധ പരിശീലനം നടക്കുന്നതറിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.