ദേവഹിതം അറിയണം: ഹിന്ദു ഐക്യവേദി

Tuesday 27 June 2017 10:20 pm IST

പത്തനംതിട്ട: ശബരിമലയില്‍ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങളും അനിഷ്ടസംഭവങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ ദേവഹിതം എന്താണെന്ന് അറിയണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആചാര്യന്മാരും ഗുരുസ്വാമിമാരും ഹൈന്ദവ സംഘടനാ നേതാക്കളും അടങ്ങുന്ന ആചാര്യസഭ വിളിച്ച് ദേവപ്രശ്‌നം നടത്തി ദേവഹിതം അറിയണം. ഇത് ഭക്തജന സാന്നിധ്യത്തില്‍ നടത്തണം. ഇതിന്‌ശേഷം പരിഹാരക്രിയകള്‍ വേണമെങ്കില്‍ അത് നടത്തുവാനും ദേവസ്വംബോര്‍ഡ് തയ്യാറാകണം. അല്ലാതെ പരസ്പരം പഴിചാരി ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങളെ കബളിപ്പിക്കരുത്. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിലെ പുനര്‍ നിര്‍മ്മിച്ച സ്വര്‍ണ്ണക്കൊടിമരത്തിന് കേടുപാടുകള്‍ ഉണ്ടാക്കിയവര്‍ക്കെതിരെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണം. സംഭവത്തിലെ യാഥാര്‍ത്ഥ കുറ്റവാളികളെയും അതിനു പിന്നിലെ ഗൂഢാലോചനയും കണ്ടെത്തുന്നതിന് പകരം അന്വേഷണ ഉദ്യാഗസ്ഥര്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാന്‍ ശ്രമിക്കുകയാണ്. ആചാരത്തിന്റെ ഭാഗമായി കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചതാണ് എന്നാണ് പോലീസ് ഭാഷ്യം. എവിടെയാണ് ഈ ആചാരം ഉള്ളത്. അങ്ങനെ ഒരാചാരം രാജ്യത്ത് എവിടെയും ഉള്ളതായിട്ട് അറിയില്ല. അതീവ സുരക്ഷ ഉണ്ടാകേണ്ട സ്ഥലത്ത് ഇങ്ങനെ സംഭവിച്ചത് പോലീസിന്റെ നിഷ്‌ക്രിയത്വം കൊണ്ടാണ്. ദേവസ്വംബോര്‍ഡും ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കരുത്. ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസഹായം ആവശ്യപ്പെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, സംസ്ഥാന കമ്മിറ്റിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നിഗൂഢത കണ്ടെത്തണം:ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട്: ശബരിമല സന്നിധാനത്ത് പ്രതിഷ്ഠിച്ച പുതിയ സ്വര്‍ണ്ണക്കൊടിമരം കേടുവരുത്തിയതിന്റെ നിഗൂഢത കണ്ടെത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ശബരിമലയില്‍ നിന്ന് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നിരന്തരം സൃഷ്ടിക്കപ്പെടുമ്പോള്‍ ഭാരതത്തിലെ അതിപ്രശസ്തമായ ഈ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ശോഭ കെടുത്തുവാനുള്ള ഗൂഢവും ആസൂത്രിതവുമായ നീക്കം ഇതിന് പിന്നിലുണ്ടെന്ന് സ്വാഭാവികമായും ഭക്തജനങ്ങള്‍ സംശയിച്ചേക്കും. പിടിയിലായവര്‍ യഥാര്‍ത്ഥ പ്രതികളാണെങ്കില്‍ അവരുടെ ഉദ്ദേശം എന്തായിരുന്നുവെന്ന് അറിയുവാന്‍ ഭക്തജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. പ്രശ്‌നങ്ങള്‍ ലഘൂകരിക്കാതെ ഗൗരവപൂര്‍വം സമീപിക്കണമെന്നും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്നും ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കോലേഴി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.