ആദിവാസി ഊരുകളിലും പനി പടരുന്നു

Wednesday 28 June 2017 5:09 pm IST

പത്തനാപുരം: ആദിവാസി കോളനികളിലും തോട്ടം മേഖലയിലും പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് കൂടുതലും രോഗങ്ങള്‍ ഉണ്ടാകുന്നത്. മഴക്കൊപ്പം അസുഖങ്ങള്‍ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടി ഉണ്ടാകുന്നതോടെ പൊതുജനം എറെ ദുരിതത്തിലാണ്. കഴിഞ്ഞ വര്‍ഷം ചെമ്പനരുവിയില്‍ രണ്ട് പേര്‍ക്ക് കരിമ്പനിയും പിടിപെട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ആദിവാസി ഊരുകളില്‍ ഇതേവരെ നടന്നിട്ടില്ല. മാങ്കോട്, പാടം, പൂമരുതികുഴി, കടശ്ശേരി, മപുന്നല തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമപ്രദ്ദേശങ്ങളിലാണ് പകര്‍ച്ചവ്യാധികള്‍ കൂടുതലും ഉളളത്. മുള്ളുമല, വെള്ളംതെറ്റി, അച്ചന്‍കോവില്‍, കുരിയോട്ടുമല തുടങ്ങിയ ആദിവാസി കോളനിയില്‍ പനി പടര്‍ന്ന് പിടിക്കുകയാണ്. ഫാമിങ് കോര്‍പ്പറേഷനിലെ ലയങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തോരാതെ പെയ്യുന്ന മഴ തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ആദിവാസി വിഭാഗത്തിനിടയില്‍ പടരുന്ന രോഗങ്ങള്‍ക്ക് കൃത്യമായി ചികില്‍സ പോലും ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. താലൂക്കില്‍ കിടത്തി ചികിത്സ ഉളളത് പത്തനാപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ്. എന്നാല്‍ ഇവിടെ ഡോക്ടര്‍മ്മാരുടെ സേവനമില്ല. നിരവധിയാളുകള്‍ ദിവസേന ആശ്രയിക്കുന്ന ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്നത് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആവശ്യാനുസരണം മരുന്നോ ജീവനക്കാരോ മിക്ക ആരോഗ്യകേന്ദ്രങ്ങളിലും ഇല്ല. മലയോരപ്രദേശങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുനലൂരോ, കൊട്ടാരക്കരയോ, പത്തനംതിട്ടയിലോ എത്തിയാല്‍ മാത്രമേ ചികില്‍സ ലഭ്യമാകൂ. ഇതുകാരണം പലരും ആശുപത്രികളില്‍ പോകാന്‍ മടിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.