എംജി സര്‍വ്വകലാശാല: ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ രാജിക്ക്

Wednesday 28 June 2017 6:44 pm IST

കോട്ടയം: സിലബസ് പരിഷ്‌കരണത്തില്‍ അട്ടിമറിയുണ്ടെന്നാരോപിച്ച് എംജി യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ രാജിവയ്ക്കാനൊരുങ്ങുന്നു. ഈ മാസം 30ന് മുമ്പ് മുഴുവന്‍ ചെയര്‍മാന്‍മാരും അംഗങ്ങളും രാജിവയ്ക്കുമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിസിടിഎ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ബോര്‍ഡ് ഓഫ് കോമേഴ്‌സ് അംഗങ്ങള്‍ രാജിവച്ചതിന് പിന്നാലെയാണ് ശേഷിക്കുന്ന 45 ബോര്‍ഡുകളും രാജിവയ്ക്കാനൊരുങ്ങുന്നത്. ഏഴു വര്‍ഷം പഴക്കമുള്ള സിലബസ് രണ്ടു വര്‍ഷത്തെ വിദഗ്ധ പഠനത്തിനുശേഷം 2014-ല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പരിഷ്‌കരിച്ചതാണ്. എന്നാല്‍ 2016-ല്‍ ഇടതു സിന്‍ഡിക്കേറ്റ് അധികാരത്തില്‍ വന്നപ്പോള്‍ ഗവര്‍ണര്‍ നിയമിച്ചതും സിലബസ് പരിഷ്‌ക്കരിക്കാന്‍ അധികാരമുള്ളതുമായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉള്ളപ്പോള്‍തന്നെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ബോര്‍ഡ് ഓഫ് ഫാല്‍ക്കറ്റി എന്ന പുതിയൊരു സമിതിയെകൂടി നിയമിച്ചു. കേവലം മൂന്ന് മാസം കൊണ്ട് ഇവര്‍ ഡിഗ്രി സിലബസ് ഉണ്ടാക്കുകയും വൈസ് ചാന്‍സലര്‍ അംഗീകരിച്ച് അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തെന്നാണ് കെപിസിടിഎ ആരോപിക്കുന്നു. കെപിസിടിഎ സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.ജെ. തോമസ് , റീജണല്‍ പ്രസിഡന്റ് ഡോ. ജിജി, റീജണല്‍ സെക്രട്ടറി ഡോ. കെ.എം. ബെന്നി, റീജണല്‍ ലേബര്‍ ഓഫീസര്‍ ഡോ. ജോര്‍ജ്ജ് ജയിംസ് ടി, ജില്ലാ പ്രസിഡന്റ് പ്രൊഫ. റോണി ജോര്‍ജ്ജ്, ഹിന്ദി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എ.യു. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.