റൂട്ട് തീരുമാനമായില്ല, എയര്‍ ഇന്ത്യയുടെ ഇസ്രായേല്‍ സര്‍വ്വീസ് വൈകും

Wednesday 28 June 2017 6:52 pm IST

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ഇസ്രായേലിലേയ്ക്ക് നേരിട്ട് വിമാന സര്‍വ്വീസ് അരംഭിക്കുന്നത് വൈകും. പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഒഴിവാക്കിക്കൊണ്ടുള്ള റൂട്ട് സംബന്ധിച്ച് തീരുമാനമാകാത്തതാണ് കാരണം. ആറര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ന്യൂദല്‍ഹി-ടെല്‍ അവീവ് റൂട്ടാണ് എയര്‍ ഇന്ത്യ മുന്നോട്ട് വെച്ചത്. എന്നാല്‍ പാക്ക്, അഫ്ഗാന്‍ ആകാശങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള റൂട്ടാണ് ഇസ്രായേല്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇങ്ങനെ റൂട്ട് വന്നാല്‍ അത് സാമ്പത്തികമായി ലാഭകരമായിരിക്കില്ലായെന്നും യാത്ര ഒന്‍പത് മണിക്കൂറിലേറെ നീളുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 20 ലക്ഷം രൂപ കൂടുതലായി വേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. മെയ് 12ന് സര്‍വ്വീസ് ആരംഭിക്കുവാനാണ് ആദ്യം പദ്ധതിയിട്ടത്. പ്രധാനമന്ത്രി നരേന്ദ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുമ്പ് ഇത് വേണ്ടായെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ പക്കല്‍ ധാരാളം വിമാനങ്ങളുണ്ടെന്നും എന്നാല്‍ റൂട്ടാണ് ഒരു പ്രശ്‌നമെന്നും ഇസ്രായേലി എയര്‍ ലൈന്‍സ് പറഞ്ഞു. പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും മാത്രമല്ല മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെയും ഒഴിവാക്കിക്കൊണ്ട് മുംബൈയിലേയ്ക്ക് എട്ട് മണിക്കൂര്‍ ദൂരമേയുള്ളുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ റൂട്ട് സാമ്പത്തികമായി നഷ്ടമായിരിക്കുമെന്ന് എയര്‍ ഇന്ത്യ പറയുന്നു. ഈ റൂട്ട് തിരഞ്ഞെടുത്താല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് റൂട്ടുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒന്ന് മാത്രമാണ് പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ഒമാന്‍, ബഹറിന്‍, യഎഇ എന്നിവയുടെ മുകളിലൂടെ പറക്കുകയും ചെയ്യും. ഇസ്രായേലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളാണ് ഇസ്രായേലിനെ ഇത്തരത്തിലൊരു നിലപാടില്‍ എത്തിച്ചത്. എന്തെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഈ രാജ്യങ്ങളില്‍ വിമാനം ഇറക്കേണ്ടി വരുന്നത് സുരക്ഷിതമായിരിക്കില്ലായെന്നാണ് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. ഇസ്രായേലില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളെയാണ് എയര്‍ ഇന്ത്യ ഈ സര്‍വ്വീസിലൂടെ ലക്ഷ്യമിടുന്നത്. ബോയിങ് 787 വിമാനമാണ് എയര്‍ ഇന്ത്യ ഇതിനായി ഒരുക്കുന്നത്. 1990കളില്‍ ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഇസ്രായേലിലേയ്ക്ക് സര്‍വ്വീസുണ്ടായിരുന്നു. എന്നാല്‍ വാണിജ്യ കാരണങ്ങളാല്‍ 2000ത്തില്‍ ഇവ നിര്‍ത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.