വണ്ടിപ്പെരിയാര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് അപകടത്തില്‍

Wednesday 28 June 2017 8:21 pm IST

പീരുമേട്: വണ്ടിപ്പെരിയാറിലെ പുതിയപാലത്തിന്റെ അപ്രോച്ച് റോഡ് വീണ്ടും തകര്‍ന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഗര്‍ത്തം കരാറുകാര്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതാണ് വീണ്ടും തകര്‍ന്നത്. അപ്രോച്ച് റോഡിന് താഴ്ഭാഗത്തെ മണ്ണ് ഒലിച്ച് പോയ നിലയിലാണ്. മഴപെയ്യുന്നതനുസരിച്ച് മണ്ണ് ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സ്ലാബ് താഴാനുള്ള സാധ്യത ഏറെയാണ്. മാത്രവുമല്ല പുതിയ പാലത്തില്‍ വലിയ വാഹനങ്ങള്‍ കയറുമ്പോള്‍ പാലവും സമീപത്തെ കെട്ടിടങ്ങളും കുലുങ്ങുന്നുണ്ട്.നാല് മാസങ്ങള്‍ക്ക് മുമ്പാണ് പുതിപാലം ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം പാലത്തില്‍ മൂന്ന് പ്രാവശ്യം ഗര്‍ത്തം രൂപപ്പെട്ടു. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പാലമാണിത്. കൊല്ലം-തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ പുതുതായി നിര്‍മ്മിച്ച പാലം നിര്‍മ്മാണത്തിലെ അപാകത മൂലം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതിയപാലം വരുന്നതോടെ വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗതകുരുക്ക് മാറുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായിരിക്കുകയാണ്. 107 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ദേശീയപാത അധികൃതര്‍ പുതിയപാലം നിര്‍മ്മിച്ചത്. എഞ്ചിനീയറിങ് പ്രൊക്യുര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ എന്ന പുതിയ സാങ്കേതിക രീതിയിലാണ് പാലം നിര്‍മ്മിച്ചത്. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം ഇപ്പോഴും കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പഴയപാലത്തിലൂടെയാണ് കടന്ന് പോകുന്നത്. പടിഞ്ഞാറ്ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ കടന്ന് പോകുന്നത്. കൂടാതെ മഴ തുടങ്ങിയതോടുകൂടി പുതിയ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയും പാലവും വെള്ളക്കെട്ടിലായി. ഇത് കാല്‍നടയാത്രക്കാരെ ഏറെ വലയ്ക്കുന്നു. പഴയപാലത്തിന്റെ കൈവരികള്‍ തകര്‍ന്നതിനാല്‍ കാല്‍നടയാത്ര ഏറെ ദുരിതവുമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.