പട്ടയത്തിന്റെ പേരില്‍ പണം കൊള്ള

Wednesday 28 June 2017 8:24 pm IST

പീരുമേട്: താലൂക്കില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടക്കുന്നു. താലൂക്കിലെ വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് പണപ്പിരിവ് നടത്തുന്നത്. ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഏജന്റുമാരുടെ ഇടപെടലുകള്‍ ശക്തമാണ്. ഇവരുടെ പ്രധാന ഇരകള്‍ ഏക്കറുകണക്കിന് സ്ഥലമുള്ളവരാണ്. എന്നാല്‍ അഞ്ച് സെന്റ് മുതലുള്ള ചെറുകിട ആള്‍ക്കാര്‍ ഇവരുടെ ലിസ്റ്റില്‍ പെടാറില്ല. ഇവരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. സാധാരണക്കാരും വന്‍കിടക്കാരും പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍പ്പെടും. അപേക്ഷ സ്വീകരിച്ചതിന് ശേഷം വസ്തുവില്‍ വന്ന് മഹസര്‍ തയ്യാറാക്കുന്നത് മുതല്‍ പണപ്പിരിവ് ആരംഭിക്കും. പട്ടയം ലഭിക്കാന്‍ സ്വര്‍ണം പണയം വച്ചും കടംവാങ്ങിയും പണം കണ്ടെത്തുവാന്‍ സാധാരണക്കാര്‍ ശ്രമിക്കും. സ്ഥലം അളന്ന് തിരിക്കുന്നതിന് റവന്യൂ അധികൃതര്‍ തന്നെ സര്‍വ്വേ നടത്തി സ്ഥലം അളന്ന് തിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇതിന് പകരം സ്ഥലം ഇവര്‍ സര്‍വ്വേ നടത്താതെ സ്വകാര്യ വ്യക്തികളെ കൊണ്ടുവന്ന് കമ്പ്യൂട്ടര്‍ സര്‍വ്വേ നടത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ സ്വകാര്യ വ്യക്തി സര്‍വ്വേ നടത്തുന്നതിന് ഏക്കര്‍ ഒന്നിന് 4000 രൂപയാണ് ഇവരില്‍ നിന്നും ഈടാക്കുന്നത്. ഇതിന് ശേഷം സ്ഥലപരിശോധനയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥനും വേണ്ടി പണപ്പിരിവ് നടത്തുന്നുണ്ട്. ഈ തുക നല്‍കിയാലെ പട്ടയം ലഭിക്കൂ. രഹസ്യമായി നടക്കുന്ന ഈ നീക്കം വിജിലന്‍സ് വിഭാഗത്തിനും അറിയാമെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. പട്ടയം ലഭിക്കുവാന്‍ വേണ്ടി മാത്രം താലൂക്കില്‍ ഇടനിലക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ വില്ലേജില്‍ നിന്നും എത്ര ഏക്കര്‍ വസ്തുവിന് പട്ടയം നല്‍കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്തി കൊടുക്കേണ്ടതാണ്. എന്നാല്‍ ഇതൊന്നും ഇവിടെ ബാധകമല്ല. ഇതിനിടയില്‍ വാഗമണ്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 654 ല്‍ മാത്രമേ പട്ടയം കൊടുക്കുവാന്‍ പാടുള്ളൂ എന്ന ഉത്തരവ് ലംഘിച്ച് അപേക്ഷകര്‍ സ്വീകരിച്ച് അനധികൃത കൈയേറ്റക്കാര്‍ക്കും പട്ടയം കൊടുക്കുന്നതിന് നീക്കം നടക്കുന്നുണ്ട്. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി വന്‍കിടക്കാര്‍ക്ക് വേണ്ടി പട്ടയം നല്‍കുന്നതിന് കൂട്ട് നില്‍ക്കുന്ന ഇടനിലക്കാരെ ഒഴിവാക്കണമെന്നും ഇതിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.