തച്ചങ്കരിയുടെ നിയമനം; നിയമപരമെന്ന് സര്‍ക്കാര്‍

Wednesday 28 June 2017 8:33 pm IST

കൊച്ചി: ഭരണച്ചുമതലയുള്ള എഡിജിപിയായി ടോമിന്‍ ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് നിയമപരമെന്നും ഇത്തരം നടപടികള്‍ക്ക് വിവേചനാധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് ടി.പി. സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് പോലീസ് ആസ്ഥാനത്ത് തച്ചങ്കരി ഉള്‍പ്പെടെയുള്ളവരെ നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. തച്ചങ്കരിയെ നിയമിച്ചതിലൂടെ പോലീസ് മേധാവിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന ഹര്‍ജിയിലെ വാദം ശരിയല്ല. രണ്ടു പരാതികളില്‍ വിജിലന്‍സ് ത്വരിതാന്വേഷണം മാത്രമാണ് തച്ചങ്കരിക്കെതിരെ നിലവിലുള്ളത്. ഒരു ക്രിമിനല്‍ കേസിലും കോടതി കുറ്റം ചുമത്തിയിട്ടില്ല. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയൊഴികെയുള്ള കേസുകളൊക്കെ സര്‍ക്കാര്‍ അവസാനിപ്പിച്ചതാണ്. അനുമതിയില്ലാതെ ബഹ്‌റിനിലേക്ക് യാത്ര ചെയ്‌തെന്ന പരാതിയില്‍ ശാസന നല്‍കി നടപടി അവസാനിപ്പിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി കുറ്റം ചുമത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയില്‍ അംഗമായ തടിയന്റവിട നസീറുമായി തച്ചങ്കരിക്ക് ബന്ധമുണ്ടെന്ന ആക്ഷേപം തെളിയിക്കാന്‍ എന്‍ഐഎയ്ക്ക് തെളിവു ലഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കി. പകപോക്കാന്‍ കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠനെ പറവൂര്‍ പീഡനക്കേസില്‍ തച്ചങ്കരി പ്രതിയാക്കിയെന്ന ആരോപണം ശരിയല്ല. മണികണ്ഠന്‍ കേസില്‍ പ്രതിയാണെന്ന് എഡിജിപി (ക്രൈം) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തച്ചങ്കരിക്കെതിരെ വകുപ്പുതല അന്വേഷണമൊന്നും നിലവിലില്ല. സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഐപിഎസ് മാര്‍ഗനിര്‍ദേശമനുസരിച്ച് സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.