ഓപ്പറേഷന്‍ ക്ലിയര്‍ കണ്ണൂര്‍: ബോര്‍ഡുകളും മറ്റും നീക്കല്‍ ഊര്‍ജിതം എടുത്തുമാറ്റിയവ വീണ്ടും സ്ഥാപിച്ചാല്‍ കര്‍ശന നടപടി

Wednesday 28 June 2017 9:11 pm IST

കണ്ണൂര്‍: മഴക്കാലത്ത് അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, തോരണങ്ങള്‍, കമാനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്ന പ്രവൃത്തി തഹസില്‍ദാര്‍മാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം സിഐമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന മേധാവികളുടെയും മറ്റു കക്ഷികളുടെയും യോഗത്തിലെടുത്ത തീരുമാനപ്രകാരമാണിത്. ബോര്‍ഡുകളും മറ്റും സ്ഥാപിച്ചവര്‍ക്ക് സ്വമേധയാ അവ എടുത്തുമാറ്റാന്‍ സമയം നല്‍കിയിരുന്നു. അതിനുശേഷമാണ് ബാക്കിയുള്ളവ നീക്കം ചെയ്യുന്ന നടപടി തുടങ്ങിയത്. 30 നകം ഇവയെല്ലാം നീക്കം ചെയ്യാനാണ് തീരുമാനം. കാറ്റിലും മഴയിലും ഇവ റോഡിലേക്കും നടപ്പാതകളിലേക്കും പൊട്ടിവീണ് അപകടങ്ങള്‍ സംഭവിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി. ഈ രീതിയില്‍ എടുത്തുമാറ്റിയ ബോര്‍ഡുകളും മറ്റും വീണ്ടും സ്ഥാപിക്കുന്നവര്‍ക്കെതിരെ മുനിസിപ്പല്‍, പഞ്ചായത്ത്, റോഡ് സുരക്ഷ, ട്രാഫിക്, ദുരന്തനിവാരണ നിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നതടക്കമുള്ള നടപടികളാണ് കൈക്കൊള്ളുക. അതോടൊപ്പം ദേശീയ-സംസ്ഥാന പാതകളുടെയും ഗ്രാമീണ റോഡുകളുടെയും ഓരങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നിയമവിരുദ്ധമായി ഭക്ഷ്യ പദാര്‍ഥങ്ങളും പാനീയങ്ങളും മറ്റും വിതരണം ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത സാധനങ്ങള്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി ഉടന്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തഹസില്‍ദാര്‍മാരുമായി ബന്ധപ്പെടാം. ഓപ്പറേഷന്‍ ക്ലീന്‍ കണ്ണൂരിന്റെ അവലോകന യോഗം നാളെ 3 മണിക്ക് കലക്ടറുടെ ചേംബറില്‍ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.