നോട്ട് കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

Wednesday 28 June 2017 8:59 pm IST

പുതുക്കാട്: നിരോധിച്ച നോട്ട് കടത്ത് സംഘങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മൂന്നാം പ്രതി ചിയ്യാരം ചെമ്പകപ്പിള്ളി രാഹുലാ (22)ണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നോട്ട് മാറ്റിയെടുക്കാന്‍ ആറാട്ടുപുഴയിലെത്തിയ സംഘത്തെ പിന്തുടര്‍ന്ന് അക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ അംഗമാണ് രാഹുല്‍. പുതുക്കാട് പാഴായിയില്‍ മേയ് എട്ടിനായിരുന്നു സംഭവം. അക്രമിസംഘത്തിനുവേണ്ടി കത്തിയും കുരുമുളക് സ്പ്രെയും വാങ്ങിയത് രാഹുലാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇവ രണ്ടും വാങ്ങിയതെന്ന് പൊലിസ് പറഞ്ഞു. ഇതിന്റെ രേഖകളും കണ്ടെടുത്തു. കൃത്യം നടത്തുന്നതിന് തൃശൂരില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്തതും രാഹുലിന്റെ നേതൃത്വത്തിലാണ്. പഴയനോട്ട് മാറ്റിയെടുക്കുമ്പോള്‍ 30 ശതമാനം ലഭിക്കുമെന്ന വിവരത്തെതുടര്‍ന്നാണ് കവര്‍ച്ചാശ്രമം നടത്തിയതെന്ന് പ്രതി പറഞ്ഞു. 78 ലക്ഷം രൂപയുടെ നിരോധിച്ച അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയ സംഘം തിരുവനന്തപുരം, എറണാകുളം സ്വദേശികളായിരുന്നു. കാര്‍ ആക്രമിച്ച സംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളില്‍ കണിമംഗലം സ്വദേശി പ്രജിത്ത്, നെടുപുഴ സ്വദേശി സുബിത്ത് എന്നിവരെ നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. നിരവധി ഇടനിലക്കാര്‍ ഉള്‍പ്പെട്ട കേസില്‍ പണം എവിടെ മാറ്റിയെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഡി.വൈ.എസ്.പി കെ.എസ്. ഫ്രാന്‍സിസ് ഷെല്‍ബി, എസ്.ഐ. ഡേവിസ്, സീനിയര്‍ സി.പി.ഒ.മാരായ രാകേഷ്, ജോബ്, സുദേവ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.