ശിലോദ്യാന ശില്‍പ്പി നേക്ക്ചന്ദ് ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം

Wednesday 28 June 2017 9:44 pm IST

മലമ്പുഴ: ഇന്ത്യയിലെ രണ്ടാമത്തേതും സംസ്ഥാനത്തെ ആദ്യത്തേതുമായ മലമ്പുഴയിലെ ശിലോദ്യാനം (റോക്ക് ഡാര്‍ഡന്‍) നിര്‍മ്മിച്ച പ്രശസ്ത വാസ്തു ശില്‍പി നേക്ക്ചന്ദ്‌സായ്‌നി വിടപറഞ്ഞിട്ട് രണ്ടുവര്‍ഷം.രണ്ടുപതിറ്റാണ്ടുകള്‍ക്കു മുമ്പ് റോക്ക് ഗാര്‍ഡനില്‍ തീര്‍ത്ത ശില്പങ്ങളെല്ലാം സന്ദര്‍ശകര്‍ക്ക് ഇന്നും പ്രിയങ്കരമാണെങ്കിലും കൃത്യമായ പരിചരണമില്ലാത്തത് ശില്‍പങ്ങളുടെ ചാരുതയെ ബാധിച്ചു. നേക്ക്ചന്ദ് 1992ലാണ് മലമ്പുഴയിലെത്തുന്നത്.ജലസേചനവകുപ്പിന്റെ എട്ടേക്കറോളം സ്ഥലം ഇതിനായി കണ്ടെത്തി ശില്പികള്‍ക്കു പരിശീലനം നല്‍കി.നിര്‍മ്മിതി കേന്ദ്രയ്ക്കായിരുന്നു നിര്‍മ്മാണചുമതല.അതിനാല്‍ നിര്‍മ്മിതിയുടെ പ്രധാന ശില്പികള്‍ക്ക് ഛണ്ഡീഗഡില്‍ പ്രത്യേക പരിശീലനം നല്‍കി.കുഴല്‍മന്ദം കുളവന്‍ മുക്ക് സ്വദേശി സ്വാമിനാഥനാണ് ഗാര്‍ഡനിലെ കൂടുതല്‍ ശില്പങ്ങളും നിര്‍മ്മിച്ചത്. ജിജിതോംസണ്‍ ജില്ലാകലക്ടറായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും ഡിടിപിസി നിയന്ത്രണത്തിലായിരുന്നു നിര്‍മ്മാണം. ഛണ്ഡീഗഡ് മാതൃകയില്‍ മലമ്പുഴയിലൊരു റോക്ക് ഗാര്‍ഡന്‍ വേണമെന്ന കലക്ടറുടെ ആഗ്രഹം സന്തോഷപൂര്‍വ്വം സ്വീകരിച്ചാണ് നേക്ക് ചന്ദ് മലമ്പുഴയിലെത്തിയത്.1993ല്‍ നിര്‍മ്മാണം തുടങ്ങി 1995 ല്‍ പൂര്‍ത്തിയാക്കി 96ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ഛണ്ഡീഗഡില്‍് മൂന്നേക്കറിലായി നിര്‍മ്മിച്ച ശിലോദ്യാനത്തില്‍ കഥകളി, തെയ്യം,കളരിപ്പയറ്റ്, തിരുവാതിരക്കളി,മലബാറിലെ പൈതൃകങ്ങള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.റോക്ക് ഗാര്‍ഡനിലെ ശില്പങ്ങളില്‍ ചിലത് നേക്ക് ചന്ദും നിര്‍മ്മിച്ചിട്ടുണ്ട്.പാറക്കഷണങ്ങളും കുപ്പിച്ചില്ലുകളും കൊണ്ട് നിര്‍മ്മിച്ച ഇവിടുത്തെ മുതലയുടെ ശില്പത്തിന്റെ കരവിരുതിലും അദ്ദേഹത്തിന്റെ വിരല്‍ സ്പര്‍ശമുണ്ട്.വലിച്ചെറിയുന്ന വളപ്പൊട്ടുകളും കുപ്പിച്ചില്ലുകളുമെന്നു വേണ്ട പാഴ്‌വസ്തുക്കളില്‍ നിന്നും സുന്ദരശില്പങ്ങള്‍ തീര്‍ക്കാമെന്ന് അദ്ദേഹത്തില്‍ നിന്നും ശില്പികള്‍ പഠിച്ചു. അന്നത്തെ ഡിടിപിസി ചെയര്‍മാന്‍ ആര്‍.അജയ്കുമാറാണ് നേക്ക് ചന്ദിനെ മലമ്പുഴയിലെത്തിച്ചത്.പത്തുവര്‍ഷങ്ങള്‍ക്കുശേഷം റോക്ക് ഗാര്‍ഡന്‍ നവീകരണത്തിനായി നേക്ക് ചന്ദിന്റെ ശിഷ്യനും ബ്രിട്ടീഷുകാരനുമായ ടോണിറോജറും 2012ല്‍ മലമ്പുഴയിലെ റോക്ക് ഗാര്‍ഡനിലെത്തി ശില്പങ്ങളുടെ അറ്റകുറ്റ പണികള്‍ക്കു മേല്‍ നോട്ടം വഹിച്ചിരുന്നു. പൊട്ടിയ ഫ്യൂസ് കാരിയര്‍ കൊണ്ടുള്ള മതിലുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കാനുകള്‍, ടിന്നുകള്‍ തുടങ്ങിയവ കൊണ്ടുനിര്‍മ്മിച്ച നിരവധി ശില്പങ്ങളും ഏറെ ആകര്‍ഷണീയമാണ്. 1924ല്‍ പാക്കിസ്ഥാനിലെ ഗ്രാമത്തിലാണ് നേക്ക് ചന്ദിന്റെ ജനനം. ഫ്രഞ്ച് വാസ്തുശില്പിയായ ലേകൊര്‍ബൂസിയന്‍ ഛണ്ഡീഗഡ് പട്ടണം രൂപ കല്പന ചെയ്തിരുന്ന കാലത്ത് 1950 കളില്‍ റോഡ് ഇന്‍സ്‌പെക്ടറായിരുന്ന നേക്ക്ചന്ദ് നഗരത്തിലെ നിര്‍മ്മാണാവശിഷ്ടങ്ങളുപയോഗിച്ച് സുഖ്‌ന നദിക്കരയിലെ കാടിനു നടുവിലെ മലയിടുക്കില്‍ ആരോരുമറിയാതെ ശില്പങ്ങളുടെ പൂങ്കാവനം നിര്‍മ്മിച്ചു. വളപ്പൊട്ടുകള്‍,കളിമണ്‍പാത്രങ്ങള്‍, മാര്‍ബിള്‍ കഷ്ണങ്ങള്‍, കല്ലുകള്‍ ഉപേക്ഷിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയാണ് കല്ലുകൊണ്ടുള്ള പൂങ്കാവനത്തിനായുപയോഗിച്ചിരുന്നത്. അനധികൃതമായി തീര്‍ത്ത ശിലോദ്യാനമായിട്ടും 1970ല്‍ ഛണ്ഡീഗഡ് സര്‍ക്കാരേറ്റെടുത്ത് 1976 ഒക്‌ടോബറില്‍ സര്‍ക്കാര്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. 40 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്ക് കാണാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏകദേശം രണ്ടരലക്ഷത്തോളം സന്ദര്‍ശകരാണ് വര്‍ഷം തോറുമെത്തുമ്പോള്‍ ഒരുകോടിയില്‍ പരം രൂപയാണ് വരുമാനമായി ലഭിക്കുന്നത്. നേക്ക്ചന്ദിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.ശില്പനിര്‍മ്മാണത്തിനായി യുഎസ്എ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്,അന്താരാഷ്ട്ര ഹെറിറ്റേജ് അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.