മാവേലിക്കര: അരുണാചല്‍പ്രദേശില്‍ മലയാളി സൈനികന് ഉള്‍പ്പെട്ട രണ്ടംഗസംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് വീണ് ഒഴുക്കില്‍പ്പെട്ടു കാണാതായതായി നാട്ടില്‍ വിവരം ലഭിച്ചു.
മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലാട്ടുശ്ശേരില് ബി. വേണുഗോപാല്‍ (ഉണ്ണി-52) ആണ് ഒഴുക്കില്‍പ്പെട്ടത്. അരുണാചല്‍ സിലാപത്തില് ഗ്രഫില്‍ നഴ്സിംഗ് അസിസ്റ്റന്റായിരുന്നു. മറ്റൊരു
സൈനികനോടൊപ്പം സിലാപത്തില് നിന്ന് വേറൊരു യൂണിറ്റിലേക്ക് ട്രക്കില്‍ പോകുമ്പോള്‍ വാഹനം 100 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിഞ്ഞതായാണ് വിവരം.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് വാഹനം നദിയിലേക്ക് മറിഞ്ഞത്. സൈനികര്‍ ഈ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയും വെള്ളപ്പൊക്കവുമുള്ള പ്രദേശമായതിനാല്‍ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. ഹെലികോപ്റ്ററിനു പോലും എത്തിച്ചേരാന്‍ സാധിക്കാത്ത പ്രതികൂല കാലാവസ്ഥയാണ്.
അഞ്ച് മാസം മുമ്പാണ് വേണുഗോപാല്‍ അവസാനമായി നാട്ടിലെത്തിയത്. അടുത്ത ഓണത്തിന് വരാനിരിക്കുകയായിരുന്നു. ഭാര്യ: രജനി, മക്കള്‍: ആതിര, ഐശ്വര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: