കോട്ടയത്ത് സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് പട്രോളിങ് തുടങ്ങി

Wednesday 28 June 2017 10:03 pm IST

കോട്ടയം : കോട്ടയം നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പട്രോളിംഗ് വാഹനം നിരത്തിലിറങ്ങി. പൂര്‍ണ്ണമായും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അപകടത്തില്‍ പെടുന്ന സ്ത്രീകള്‍ക്ക് '1515'എന്ന നമ്പര്‍ വഴിയും 'തനുത്ര' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും പിങ്ക് പട്രോളിംഗ് സംഘത്തെ ബന്ധപ്പെടാം. ഗൂഗിള്‍ പ്ലേവഴി തനൂത്ര മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാം. മൊബൈല്‍ ഫോണില്‍ ഈ ആപ്ലിക്കേഷനെടുക്കുമ്പോള്‍ കീപാഡ് തെളിയും. ഇതിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സഹായം തേടിയുള്ള സന്ദേശം ഉടന്‍ പോലീസിന് ലഭിക്കും. സന്ദേശം ലഭിച്ചാല്‍ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കൃത്യമായ സ്ഥലം കണ്ടെത്താനുള്ള സോഫറ്റ് വെയര്‍,ക്യാമറ, വൈ.ഫൈ, റിമോര്‍ട്ട്, റഡാര്‍, ടാബ് സംവിധാനം എന്നിവയും പട്രോളിംഗ് സംഘത്തിനുണ്ട്.പിങ്ക് നിറത്തിലുള്ള രണ്ട് കാറുകളാണ് പട്രോളിംഗിനായി ഒരുക്കിയിട്ടുള്ളത്. ഡ്രൈവര്‍മാരും പോലീസുകാരുമടക്കം 32 വനിതാ ഉദ്യോഗസ്ഥരാണ് പിങ്ക് പട്രോളിംഗിന് നിയോഗിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേഷന്‍ ഡി.വെ.എസ്.പി വിനോദ് പിള്ളയാണ് പിങ്ക് പട്രോളിംഗിന്റെ നോഡല്‍ ഓഫീസര്‍. വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ . എന്‍. ഫിലോമിന, സബ് ഇന്‍സ്‌പെക്ടര്‍ സരള എന്നിവര്‍ക്കാണ് പട്രോളിംഗ് വാഹനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഗാന്ധി സ്വകയറില്‍ ബുധനാഴ്ച രാവിലെ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന്‍ നിര്‍വഹിച്ചു.സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി വിനോദ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ മെട്രോ നഗരങ്ങളിലും മറ്റും നല്‍കിയിരിക്കുന്ന പിങ്ക് പട്രോളിംഗ് വാഹനമാണ് ജില്ലയില്‍ ലഭ്യമായിരിക്കുന്നത്. പിങ്ക് വാഹനങ്ങളില്‍ ഒന്ന് കോട്ടയം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചാണ്്. കെ.എസ്.ആര്‍.ടി.സി, ബേക്കര്‍ ജംഗ്ഷന്‍, ചാലുകുന്ന്, സി.എം.എസ് കോളേജ്, ഉപ്പൂട്ടികവല, അറുപറ, ഇല്ലിക്കല്‍ പാലം, തിരുവാതുക്കല്‍, ബോട്ടുജട്ടി, തിരുനക്കര, ശാസ്ത്രി റോഡ്, ഡി.സി. ബുക്‌സ്, ബിസിഎം കോളേജ്, ജില്ലാ ആശുപത്രി, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളില്‍ സഹായമെത്തും. രണ്ടാമത്തെ വാഹനം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ്. വടവാതൂര്‍ ജംഗ്ഷന്‍, കളത്തിപ്പടി, കഞ്ഞിക്കുഴി, കളക്ടറേറ്റ്, റെയില്‍വേ സ്റ്റേഷന്‍, നാഗമ്പടം സ്റ്റാന്‍ഡ്, സിയേഴ്‌സ് ജംഗ്ഷന്‍, നാഗമ്പടം പാലം, ചൂട്ടുവേലി, ചവിട്ടുവരി, കമാരനല്ലൂര്‍ ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളാണ് ഈ വാഹനത്തിന്റെ പരിധിയില്‍ വരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.