മെഡി. കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ മലിനജലം

Wednesday 28 June 2017 10:04 pm IST

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലുള്ള റോഡിലൂടെ മലിനജലം ഒഴുകുന്നു. ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും ഇതുവഴി കടന്നുപോകുമ്പോള്‍ കാല്‍നടക്കാരുടെ ദേഹത്തേക്ക് മലിനജലം തെറിച്ചുവീഴുന്നുണ്ട്. മലിനജലം ദേഹത്തുവീണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും പരാതി ഉയരുന്നുണ്ട്. ആധുനിക സംവിധാനങ്ങളോടെ പണിപൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ പരിസരത്തുനിന്നാണ് മലിനജലം താഴേക്ക് ഒഴുകിവരുന്നത്. ഈ ഭാഗത്ത് ഓട നിര്‍മ്മിച്ചിട്ടില്ല. 20 അടി നീളത്തില്‍ ഓട നിര്‍മ്മിച്ചാല്‍ മലിനജലം ഒഴുക്കിവിടാന്‍ സാധിക്കും. മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടത്താത്തതുകൊണ്ട് ആശുപത്രി പരിസരത്തുള്ള പലഓടകളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പകര്‍ച്ചപ്പനി പിടിപെട്ട് നിരവധി ആളുകള്‍ ചികിത്സതേടി എത്തുന്ന ആശുപത്രിയുടെ പരിസരം രോഗവാഹികളായ കൊതുകുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടെ ചികിത്സയ്ക്കായി എത്തുന്നവര്‍ മറ്റുരോഗങ്ങളുമായി മടങ്ങേണ്ട അവസ്ഥയാണിപ്പോള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മരാമത്തുവകുപ്പോ, ശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ട ആശുപത്രി വികസന സമിതിയോ ഇക്കാര്യത്തില്‍ ഒന്നുംതന്നെ ചെയ്യുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.