കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വ്വീസ് തുടങ്ങി

Wednesday 28 June 2017 10:07 pm IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വ്വീസ് ആയ മിന്നല്‍ സര്‍വ്വീസ് ആരംഭിച്ചു. സമയക്രമം പാലിച്ച് സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുക എന്നതാണ് മിന്നല്‍ സര്‍വ്വീസ്. ജില്ലാ ആസ്ഥാനത്ത് മാത്രമാണ് മിന്നല്‍ സര്‍വ്വീസിന് സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം - കാസര്‍ഗോഡ് യാത്രാ സമയം പതിനൊന്നര മണിക്കൂറാണ്. സൂപ്പര്‍ ഡീലക്‌സിന്റെ ചാര്‍ജ്ജാണ് ടിക്കറ്റ് നിരക്ക്. പത്ത് സ്റ്റോപ്പുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സമയമാണ് ധനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മിന്നല്‍ സര്‍വ്വീസ് നടത്തുന്നത്. ഡിപ്പോകള്‍ കയറിയിറങ്ങി സമയം നഷ്ടപ്പെടുന്നതിനാല്‍ മിന്നല്‍ സര്‍വ്വീസ് അനുവദിക്കപ്പെട്ട സ്റ്റോപ്പുകളില്‍ അല്ലാതെ മറ്റ് സബ് ഡിപ്പോകളിലോ താലൂക്ക് ആസ്ഥാനങ്ങളിലോ നിര്‍ത്തില്ല. തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നടന്ന മിന്നല്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം മന്ത്രി തോമസ് ചാണ്ടി നിര്‍വ്വഹിച്ചു. ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്നും 850 പുതിയ ബസ്സുകള്‍ ഉടന്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം, ഗതാഗത സെക്രട്ടറി ജ്യോതിലാല്‍, കൗണ്‍സിലര്‍ ജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.