കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍; ജര്‍മ്മനി-മെക്‌സിക്കോ സെമി ഇന്ന്

Wednesday 28 June 2017 10:28 pm IST

സോച്ചി: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന് ലോക ചാമ്പ്യന്മാരായ ജര്‍മ്മനി കോണ്‍കാകാഫ് മേഖലാ ജേതാക്കളായ മെക്‌സിക്കോയെ നേരിടും. രാത്രി 11.30നാണ് മത്സരത്തിന് കിക്കോഫ്. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ലോകചാമ്പ്യന്മാരായ ജര്‍മ്മനി അവസാന നാലില്‍ എത്തിയത്. ഗ്രൂപ്പില്‍ കളിച്ച മൂന്ന് കളികളില്‍ രണ്ടെണ്ണം വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലായി. ഓസ്‌ട്രേലിയയെ 2-3നും കാമറൂണിനെ 1-3നുമാണ് ജര്‍മ്മനി തോല്‍പ്പിച്ചത്. ചിലിക്കെതിരായ കളി 1-1ന് സമനിലയില്‍ കലാശിച്ചു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടാം സെമിഫൈനലിനാണ് ജര്‍മ്മനി ഇന്ന് ഇറങ്ങുന്നത്. നാളിതുവരെ കിട്ടാക്കനിയായ കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുക എന്നതാണ് ജോക്വിം ലോ പരിശീലിപ്പിക്കുന്ന ജര്‍മ്മനിയുടെ ലക്ഷ്യം. 2005-ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ടൂര്‍ണമെന്റില്‍ അവരുടെ മികച്ച നേട്ടം. അതേസമയം മെക്‌സിക്കോ ടൂര്‍ണമെന്റിലെ മുന്‍ ചാമ്പ്യന്മാരാണ്. 1999-ല്‍ ബ്രസീലിനെ തോല്‍പ്പിച്ചാണ് മെക്‌സിക്കോ കിരീടം നേടിയത്. 1995ലെ ആദ്യ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനവും നേടി. ഇത്തവണ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മെക്‌സിക്കോ ഇത്തവണ അവസാന നാലില്‍ ഇടംനേടിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനെയും റഷ്യയെയും 2-1ന് തോല്‍പ്പിച്ച അവര്‍ പോര്‍ച്ചുഗലിനെ 2-2ന് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റില്‍ രണ്ട് ഗോളുകള്‍ വീതം നേടിയ സ്റ്റിന്‍ഡല്‍, വെര്‍ണര്‍ എന്നിവരിലാണ് ഇന്ന് ജര്‍മ്മനിയുടെ പ്രതീക്ഷ. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായി എത്തിയ ജര്‍മ്മന്‍ കോച്ച് ജോക്വിം ലോയുടെ പ്രതീക്ഷകള്‍ക്കൊത്ത് മികച്ച കളിയാണ് യുവനിര നടത്തുന്നത്. 33 കളികളില്‍ നിന്ന് 5 ഗോളുകള്‍ നേടിയ ജൂലിയന്‍ ഡ്രാക്‌സലറാണ് ടീം ക്യാപ്റ്റന്‍. ഒപ്പം മുസ്താഫി, ജോനാസ് ഹെക്ടര്‍, എംറെ കാന്‍, കിമ്മിച്ച് എന്നിവരാണ് ടീമിലെ മറ്റു ്രപമുഖര്‍. മറുവശത്ത് മെക്‌സിക്കോയും മികച്ച പ്രതീക്ഷയിലാണ്. അവരുടെ പ്രമുഖരെല്ലാം ടീമിനൊപ്പമുണ്ട്. ജാവിയര്‍ ഹെര്‍ണാണ്ടസ്, ജിയോവാനി ഡോസ് സാന്റോസ്, കാര്‍ലോസ് വെല, ഹെക്ടര്‍ ഹെരേര, ഗുര്‍ഡാഡോ, ഗ്വിറ്റരസ് എന്നിവരാണ് ടീമിലെ പ്രമുഖര്‍. ഇരുടീമുകളും തമ്മില്‍ പത്താം തവണയാണ് മുഖാമുഖം വരുന്നത്. ഇതില്‍ നാലെണ്ണത്തില്‍ ജര്‍മ്മനി ജയിച്ചപ്പോള്‍ മെക്‌സിക്കോ ഒരിക്കല്‍ മാത്രമാണ് വെന്നിക്കൊടി പാറിച്ചത്. അഞ്ചെണ്ണം സമനിലയില്‍. 2005ലെ കോണ്‍ഫെഡറേഷന്‍ കപ്പിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 3-3ന് സമനിലയില്‍ പിരിഞ്ചഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.