സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ; കോട്ടയം ചാമ്പ്യന്മാര്‍

Wednesday 28 June 2017 10:30 pm IST

തിരുവനന്തപുരം: സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ല ചാമ്പ്യന്മാര്‍. 228 പോയിന്റ് നേടിയാണ് കോട്ടയം ജേതാക്കളായത്. 16 സ്വര്‍ണ്ണവും 11 വെള്ളിയും എട്ടു വെങ്കലവുമാണ് കോട്ടയം ജില്ല നേടിയത്. 150 പോയിന്റ് നേടിയ നിലവിലെ ചാമ്പ്യന്മാരായ എറണാകുളമാണ് രണ്ടാമത്. എട്ടു സ്വര്‍ണ്ണവും ഒന്‍പത് വെള്ളിയും അഞ്ചു വെങ്കലവുമാണ് എറണാകുളത്തിന്റെ താരങ്ങള്‍ നേടിയത്. 147 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും 88 പോയിന്റോടെ തിരുവനന്തപുരം നാലാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ 97 പോയിന്റോടെ എറണാകുളം മുന്നിലെത്തിയപ്പോള്‍ വനിതാവിഭാഗത്തില്‍ 165 പോയിന്റോടെയാണ് കോട്ടയം ചാമ്പ്യന്മാരായത്. ആറു സ്വര്‍ണ്ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് എറണാകുളം ഒന്നാമതെത്തിയത്. പുരുഷ വിഭാഗത്തില്‍ രണ്ടാമതെത്തിയ പാലക്കാടിന് നേടാനായത് ഒരു സ്വര്‍ണ്ണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 84 പോയിന്റ്. അഞ്ചു സ്വര്‍ണ്ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 63 പോയിന്റുമായി കോട്ടയമാണ് പുരുഷവിഭാഗത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ളത്. 11 സ്വര്‍ണ്ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും നേടിയാണ് വനിതാ വിഭാഗത്തില്‍ കോട്ടയം കിരീടം നേടിയത്. മൂന്നു സ്വര്‍ണ്ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 63 പോയിന്റുള്ള പാലക്കാട് രണ്ടാമതും രണ്ടു സ്വര്‍ണ്ണവും നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 53 പോയിന്റോടെ എറണാകുളവും വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തുമെത്തി. മീറ്റില്‍ ഇന്നലെ മൂന്ന് പുതിയ റെക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്. വനിതാവിഭാഗത്തില്‍ മൂന്നും പുരുഷ വിഭാഗത്തില്‍ ഒന്നും. വനിതാ വിഭാഗം 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്‌സില്‍ കോട്ടയത്തിന്റെ ഏഞ്ചല്‍ ജയിംസ് 11 മിനിട്ട് 20.20 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ചു. 2000 മീ. നടത്തത്തില്‍ കോട്ടയത്തിന്റെ മേരി മാര്‍ഗരറ്റ് കെ. (1 മണിക്കൂര്‍ 49 മിനിട്ട് 43.40 സെക്കന്‍ഡ്)യും ടെന്‍സാ ജോസഫും (1 മണിക്കൂര്‍ 53 മിനിട്ട് 59.40 സെക്കന്‍ഡ്) റെക്കോര്‍ഡ് സൃഷ്ടിച്ചു. ട്രിപ്പിള്‍ജമ്പില്‍ എറണാകുളത്തിന്റെ സനല്‍ സ്‌കറിയ 15.98 മീറ്ററില്‍ സൃഷ്ടിച്ച ഏക മീറ്റ് റെക്കോര്‍ഡാണ് പുരുഷ വിഭാഗത്തിന് ആശ്വാസമായത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള താരം സന്ദീപ് എസിന് സ്‌പോര്‍ട്‌സ് ഷൂ ഇല്ലാത്തതിനാല്‍ ട്രാക്കില്‍ ഇറങ്ങാന്‍ അനുവദിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ രക്ഷാധികാരി ഷെബി മനോമാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.ബാബു, വേലായുധന്‍ കുട്ടി, ജില്ലാ പ്രസിഡന്റ് ഡോ.ജോര്‍ജ്ജ് തോമസ്, സെക്രട്ടറി കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.