ഓടകളിലേക്ക് മാലിന്യം ഒഴുക്കിയാല്‍ കര്‍ശന നടപടി മാവൂര്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കും

Wednesday 28 June 2017 10:49 pm IST

കോഴിക്കോട്: മാവൂര്‍ റോഡിലെയും പരിസരപ്രദേശങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. മാവൂര്‍ റോഡിലെയും സമീപത്തെയും ഓവുചാലുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളാണ് ഒഴുക്കു തടസ്സപ്പെടാന്‍ കാരണം. ഇതിനെ തുടര്‍ന്നാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഇത് ഒഴിവാക്കാനായി നടപടി സ്വീകരിക്കേണ്ടത് പിഡബ്ല്യൂഡി ആണെങ്കിലും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് കോര്‍പ്പറേഷന്‍ ഓടകളിലെ മാലിന്യം നീക്കാന്‍ നടപടി ആരംഭിക്കും. ഇതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തിയതായി മേയര്‍ യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് മാവൂര്‍ റോഡ് ജംഗ്ഷന്‍, ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ വെള്ളം കയറിയത് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തിയാണ് യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്നാണ് ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ യോഗത്തെ അറിയിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലെ ഓടകളിലേക്കും തോടുകളിലേക്കും മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ യോഗത്തെ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്കും കെട്ടിട ഉടമകള്‍ക്കുമെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് മേയര്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാറിന് നിര്‍ദ്ദേശം നല്‍കി. ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നാകെ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് മേയര്‍ നിര്‍ദ്ദേശം നല്‍കിയത്. കക്കൂസ് ടാങ്കുകള്‍ ക്ലീനിംഗ് ചെയ്യുന്ന സ്ഥാപനങ്ങള്‍ ആ മാലിന്യങ്ങള്‍ എവിടെ കൊണ്ടുപോയാണ് നിക്ഷേപിക്കുന്നതെന്നും കര്‍ശനമായി പരിശോധിക്കണമെന്നും മേയര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ച അഞ്ചു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കിയതായി ഹെല്‍ത്ത് ഓഫീസര്‍ യോഗത്തെ അറിയിച്ചു. കോട്ടണ്‍മില്‍ പുഴയോരം റോഡ് പുഴയെടുത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ മേയറുടെ ശ്രദ്ധയില്‍പ്പെടുത്തി. അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച രാത്രി കടപ്പുറത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ലീഗ് കൗണ്‍സിലര്‍മാര്‍ മേയറുടെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷയുടെ പേരില്‍ കടപ്പുറത്തേക്കുള്ള വാഹന ഗതാഗതം തടയരുതെന്നും അവര്‍ ആവശ്യപ്പെട്ടു. കമ്മീഷണറുമായി ഈ വിഷയം സംസാരിക്കാമെന്നും മേയര്‍ അറിയിച്ചു. സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ പി. കിഷന്‍ചന്ദ് അടിയന്തര പ്രമേയം കൊണ്ടുവന്നെങ്കിലും ഭരണപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ ന്ന് പാസ്സാക്കാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.