ഗുവാഹതി പീഡനക്കേസിലെ പ്രതി കൊല്‍ക്കത്തയില്‍ ഒളിവില്‍

Monday 23 July 2012 8:24 pm IST

കൊല്‍ക്കത്ത: ഗുവാഹതി പീഡനക്കേസിലെ മുഖ്യ പ്രതി അമര്‍ജ്യോതി കലിത കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തി. സംഭവത്തിനുശേഷം ഇയാള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അമര്‍ ജ്യോതി കലിതയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ അസാം സര്‍ക്കാര്‍ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ മുംബൈയിലേക്ക്‌ കടന്നതായാണ്‌ പോലീസിന്‌ നേരത്തെ ലഭിച്ച വിവരം. അന്വേഷണത്തിലാണ്‌ ഇയാള്‍ കൊല്‍ക്കത്തയിലുണ്ടെന്ന്‌ വിവരം ലഭിച്ചത്‌. പീഡനം ചിത്രീകരിച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ഗൗരവ്‌ ജ്യോതി കലിതയുടെ സുഹൃത്താണെന്നാണ്‌ പോലീസ്‌ അവകാശപ്പെടുന്നത്‌. കഴിഞ്ഞയാഴ്ച ഗൗരവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. സംഭവത്തില്‍ ഇതുവരെ പോലീസ്‌ 11 പേരെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ജൂലൈ ഒമ്പതിനാണ്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്‌. സംഭവദിവസം രാത്രി സുഹൃത്തുക്കളായ നാല്‌ പെണ്‍കുട്ടികള്‍ രണ്ട്‌ ആണ്‍കുട്ടികള്‍ക്കൊപ്പം ബാറിലെത്തി വഴക്കിട്ടു. തുടര്‍ന്ന്‌ ഇവരെ ജീവനക്കാര്‍ ബാറിന്‌ പുറത്താക്കി. ബാറിന്‌ പുറത്ത്‌ വച്ചും കലഹം മൂര്‍ച്ഛിച്ചതോടെ പരിസരത്തുണ്ടായിരുന്ന ചിലര്‍ അവസരം മുതലെടുക്കുകയായിരുന്നു. ഇതിലൊരു പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും അപമാനിക്കാനും അവര്‍ ശ്രമിച്ചു. പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ അപമാനത്തിനിരയായത്‌. അമ്പതോളം പേരടങ്ങുന്ന സംഘം അരമണിക്കൂറോളം പെണ്‍കുട്ടികളെ പിന്തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ്‌ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്‌. എന്നാല്‍ ഇത്‌ ചിത്രീകരിച്ച ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്‌. കേസില്‍ പ്രതിയായിട്ടുള്ളവരെ കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.