കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച; കര്‍ഷകര്‍ ആശങ്കയില്‍

Thursday 29 June 2017 9:04 pm IST

 

കിടങ്ങറ തൈപ്പറമ്പ് തെക്ക് പാടശേഖരത്തിലെ മടവീഴ്ച്ച കര്‍ഷകര്‍ തടയുന്നു

കുട്ടനാട്: കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച. കര്‍ഷകര്‍ ആശങ്കയില്‍. കുട്ടനാട്ടിലെ 470 ഏക്കര്‍ വിസ്തൃതിയുള്ള തൈപ്പറമ്പ് തെക്ക് പാടശേഖരത്തിലെ തൂമ്പിന്റെ ഭാഗത്താണ് മടവീണത്.
ഇവിടെ 50 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. വൈകുന്നേരത്തോടെ മുളങ്കുറ്റിയും തെങ്ങിന്‍ കുറ്റിയുമടിച്ച് കണ്ടകട്ടയിറക്കി മടകെട്ടി നിര്‍ത്തിയിരിക്കുകയാണ്. പന്ത്രണ്ട് മണിക്കൂറത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് പാടത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണ വിധേയമാക്കിയത്.
രണ്ടുലക്ഷത്തോളം രൂപ ചെലവാക്കിയാണ് കര്‍ഷകര്‍ ബണ്ട് നിര്‍മിച്ചത്. വെളിയനാട്, പായിപ്പാട് കൃഷിഭവന്‍ പരിധിയിലായി വ്യാപിച്ചു കിടക്കുന്ന 600 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ കൃഷി പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. മടവീണതിനെത്തുടര്‍ന്ന് പാടശേഖരത്തിലേക്ക് ശക്തമായ കുത്തൊഴുക്കാണ്. മട പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടയോടെ 50 ദിവസം പിന്നിട്ട കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചു.
കൈനകരി കൃഷിഭവന്‍ പരിധിയിലെ വലിയതുരുത്ത് പാടശേഖരത്തിലും വ്യാഴാഴ്ച വെളുപ്പിനെയോടെ മടവീണു. പാടശേഖരത്തിന്റെ കരയിലുള്ള 360 വീടുകള്‍ വെള്ളത്തിലായി. വീടുകളില്‍ വെള്ളം കയറിയതോടെ പലരും വീടുവിട്ടു.
കൃഷിക്കായി ഒരുക്കിയിട്ടിരുന്ന പാടത്താണ് മടവീണത്. മടവീണ പാടശേഖരത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവ്, എസ്. സുധിമോന്‍, അനില്‍കുമാര്‍, പി.ജി. സനല്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.