'ഞാന്‍'

Monday 23 July 2012 10:51 pm IST

മനുഷ്യന്‍ അവന്റെ പൂര്‍ണതയില്‍ അപരിമേയനാണ്‌; അനശ്വരനാണ്‌. സത്തയുടെ അടിസ്ഥാനത്തില്‍ നിര്‍വ്യാപകനാണ്‌. എന്നാല്‍ ദേഹാഹന്തകൊണ്ട്‌ അവന്‍ സ്വയം പരിമിതപ്പെടുന്നു. 'ഞാന്‍' എന്നുപറയുമ്പോള്‍ ശരീരമാണ്‌ എന്റെ ഓര്‍മയില്‍ ഓടിയെത്തുന്നത്‌. ശരീരമനസ്സുകളില്‍നിന്നും സ്വതന്ത്രനാവാന്‍ കഴിയുന്നില്ല. ശരീരവും മനസ്സും ബുദ്ധിയുമെല്ലാം ദശകാലനിമിത്തപരിച്ഛേദകമാണ്‌. ഈ ശരീരത്തിന്‌ ഇത്ര വ്യാസം, ഇത്ര ഉയരം, അതിന്റെ നിലനില്‍പ്പ്‌ ഇത്രകാലത്തേക്ക്‌ എന്നിങ്ങനെയാണ്‌ വിലയിരുത്തല്‍. എത്ര വിചാരിച്ചാലും എനിക്ക്‌ ആകാശത്തുകൂടി ഒന്നുപോകണമെന്ന്‌ വച്ചാല്‍ സാധിക്കില്ല. മൃത്യുവിന്റെ പിടിയില്‍നിന്നും ആവതും അകന്നുമാറാന്‍ ഞാന്‍ പണിപ്പെടുന്നു. ഞാന്‍ ഒരു വലിയ ഓട്ടപ്പന്തയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. മൃത്യുവും ഞാനുമായുള്ള ഓട്ടപ്പന്തയം തുടരവേ, ഒടുവില്‍ എന്റെ ഊഴവും വന്നണയുന്നു. ഞാന്‍ കാലിടറി വീഴുന്നു. ദയനീയമായ പരാജയം! ഞാന്‍ മൃത്യുവില്‍നിന്ന്‌ ഓടിയകലുകയായിരുന്നില്ല, മൃത്യുവിലേക്ക്‌ ഓടിയടുക്കുകയായിരുന്നുവെന്ന്‌ ക്ഷണത്തില്‍ ഞാന്‍ അറിയുന്നു. ആ ഏകാന്തദുഃഖത്തന്റെ നിസ്സഹായത എന്നെ ആരുമല്ലാതെയാക്കുന്നു. സര്‍വവ്യാപകത്വം എന്ന്‌ പറയുമ്പോള്‍ എല്ലാം മനസ്സില്‍ നിലനിന്ന്‌ കാണണം. എല്ലാറ്റിലുംനിന്ന്‌ ഞാന്‍ സ്വതന്ത്രനുമാകണം. പക്ഷേ, ആ അനുഭവം എനിക്കില്ല. അതുതന്നെയാണ്‌ എന്റെ പരിമിതി. ഞാന്‍ ശരീരമാണെന്ന ബോധം നിലനില്‍ക്കുംവരെ സര്‍വവ്യാപകത്വം എന്നത്‌ എന്റെ വെറും പകല്‍ക്കിനാവ്‌ മാത്രം. സ്വാതന്ത്ര്യമെന്നത്‌ വെറും മരുമരീചിക മാത്രം. മാതാ അമൃതാനന്ദമയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.