പട്ടാഴി പ്രാഥമികാരോഗ്യകേന്ദ്രം അവഗണനയുടെ നടുവില്‍

Friday 30 June 2017 11:09 am IST

പത്തനാപുരം: രണ്ട് തവണ ഉദ്ഘാടനം നടത്തിയിട്ടും പട്ടാഴി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇപ്പോഴും കിടത്തി ചികിത്സയില്ല. മൂന്ന് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളാണ് പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ട് വലയുന്നത്. 2001ലെ യുഡിഎഫ് ഭരണകാലത്തും തുടര്‍ന്നുള്ള എല്‍ഡിഎഫ് ഭരണക്കാലത്തും രണ്ട് തവണയാണ് ആരോഗ്യവകുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഒറ്റ ദിവസം പോലും ഇവിടുത്തെ ഐപി പ്രവര്‍ത്തിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ. പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളാണ് പിഎച്ച്‌സിയെ കൂടുതലും ആശ്രയിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങളെല്ലാം കാടുമൂടി നശിക്കുകയാണ്. ആശുപത്രിക്കായി എത്തിച്ച ഫര്‍ണിച്ചറുകളെല്ലാം സ്റ്റോര്‍ മുറിയില്‍ കിടന്ന് ചിതലെടുത്ത് തുടങ്ങി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫ്പാറ്റേണ്‍ അടക്കമാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് നഴ്‌സ്, അറ്റന്റര്‍ തസ്തികയിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഒരു നേഴ്‌സും ഒരു ഡോക്ടറും കമ്പോണ്ടറും മാത്രമാണ് ഇവിടെയുള്ളത്. ഉച്ചവരെ മാത്രമാണ് ഡോക്ടറുടെ സേവനവും ലഭിക്കുക. ദിവസേന മുന്നൂറിലധികം ആളുകളാണ് ചികിത്സ തേടി എത്തുന്നത്. താലൂക്കില്‍ ഏറ്റവും കൂടുതല്‍ സ്ഥലസൗകര്യമുള്ള പിഎച്ച്‌സി കൂടിയാണിത്. പരിശോധനമുറികള്‍, നീരിക്ഷണമുറി, ലാമ്പുകള്‍ക്കുള്ള സൗകര്യങ്ങള്‍, വിശ്രമമുറി, മോര്‍ച്ചറി എന്നിവയടങ്ങുന്ന അഞ്ചോളം കെട്ടിടങ്ങളാണ് ഇവിടെ ഉള്ളത്. എന്നാല്‍ ഇതില്‍ കൂടുതല്‍ മുറികളും ഉപയോഗശൂന്യമായി കിടക്കുകയാണ്. മിക്ക കെട്ടിടങ്ങളുടെയും പരിസരം കാടുമൂടി ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് ഒരു രക്തപരിശോധനലാമ്പ് ആരംഭിച്ചതാണ് ഏക ആശ്വാസം. വിദഗ്ധചികിത്സക്കായി ആളുകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുനലൂരിലോ കൊട്ടാരക്കരയിലോ എത്തേണ്ട ഗതികേടിലാണ്. ആശുപത്രിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്നും കിടത്തി ചികിത്സയടക്കം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.