പെട്രോള്‍ വില വീണ്ടും കൂട്ടി

Monday 23 July 2012 11:06 pm IST

ന്യൂദല്‍ഹി: പെട്രോള്‍ വില വീണ്ടും കൂട്ടി. ലിറ്ററിന്‌ 70-90 പൈസ വരെയുള്ള വര്‍ധന ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. ഏതാനും ആഴ്ചകള്‍ക്ക്‌ മുമ്പ്‌ പെട്രോള്‍ വില ലിറ്ററിന്‌ ഏഴ്‌ രൂപയോളം കൂട്ടിയിരുന്നു. ഇത്‌ വന്‍ പ്രതിഷേധത്തിന്‌ വഴിതെളിക്കുകയും രണ്ട്‌ ഘട്ടങ്ങളിലായി നിസ്സാര തുക കുറയ്ക്കുകയും ചെയ്ത ശേഷമാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വീണ്ടും വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്‌. കഴിഞ്ഞ ജൂണ്‍ 29ന്‌ 2.46 രൂപയും ജൂലൈ മൂന്നിന്‌ 2.02 രൂപയുമാണ്‌ കുറച്ചത്‌. പെട്രോള്‍ വില കൂട്ടിയതിനെത്തുടര്‍ന്ന്‌ ചില സംസ്ഥാനങ്ങള്‍ കുറച്ച ഇന്ധനനികുതി ഇതോടെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്‌ ഇരുട്ടടിയായി പെട്രോള്‍ വില വീണ്ടും കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്‌. സംസ്ഥാന നികുതികളുടെ അടിസ്ഥാനത്തില്‍ ലിറ്ററിന്‌ 70 മുതല്‍ 91 പൈസ വരെയായിരിക്കും വര്‍ധന. നടപ്പ്‌ സാമ്പത്തികവര്‍ഷം ഇത്‌ രണ്ടാം തവണയാണ്‌ പെട്രോള്‍ വില കൂട്ടുന്നത്‌. ദല്‍ഹിയില്‍ ലിറ്ററിന്‌ 70 പൈസ കൂടും. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വര്‍ധനയും രൂപ-ഡോളര്‍ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും മൂലം പെട്രോള്‍ വില പുനഃപരിശോധിക്കേണ്ടത്‌ അനിവാര്യമാക്കിയതായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അവകാശപ്പെട്ടു. ആഭ്യന്തര വിപണിയിലെ പെട്രോള്‍ വില്‍പ്പന വഴി ലിറ്ററിന്‌ 1.41 രൂപയുടെ നഷ്ടം ഐഒസിക്ക്‌ ഉണ്ടാകുന്നുണ്ടത്രെ. എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന നികുതി കൂടാതെ 70 പൈസ വര്‍ധിപ്പിക്കാനും ഉചിതമായ സമയത്ത്‌ വീണ്ടും അവലോകനം ചെയ്യാനും തീരുമാനിച്ചതായി ഐഒസി പത്രക്കുറിപ്പില്‍ അറിയിച്ചു. ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വില്‍പ്പനവഴി 1,51,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതായും എണ്ണക്കമ്പനികള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവയുടെ വില പരിഷ്ക്കരിച്ചിട്ടില്ല. ഇന്ത്യയില്‍ ക്രൂഡോയിലിന്റെ ശരാശരി വില ബാരലിന്‌ 101.28 ഡോളറാണ്‌. അന്താരാഷ്ട്ര വില ബാരലിന്‌ 111.59 ഡോളറും രൂപ-ഡോളര്‍ വിനിമയ നിരക്ക്‌ ഡോളറിന്‌ 55.36 രൂപയോളമാണ്‌. പുതിയ നിരക്കനുസരിച്ച്‌ പെട്രോളിന്‌ മുംബൈയില്‍ ലിറ്ററിന്‌ 74.24 രൂപയും കൊല്‍ക്കത്തയില്‍ 73.61 രൂപയും ചെന്നൈയില്‍ 73.16 രൂപയുമായിരിക്കും. പെട്രോള്‍ വില നിയന്ത്രണം നീക്കിയിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ എണ്ണക്കമ്പനികള്‍ വില നിര്‍ണ്ണയിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായാണ്‌ എണ്ണക്കമ്പനികള്‍ വിലവര്‍ധന പ്രഖ്യാപിക്കുന്നത്‌. ഏതാനും നാള്‍ മുമ്പ്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന പ്രഖ്യാപിച്ചത്‌ ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായ ശേഷമായിരുന്നു. വോട്ടെടുപ്പിന്‌ മുമ്പേ ഇന്ധനവില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നെങ്കിലും യുപിഎ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. അന്നത്തെ വിലവര്‍ധനക്കെതിരെ പ്രമുഖ യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നുവെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ പ്രതിഷേധം കെട്ടടങ്ങുകയും ചെയ്തു. ഇപ്പോള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞ പശ്ചാത്തലത്തിലാണ്‌ പെട്രോള്‍ വില വീണ്ടും കൂട്ടിയിരിക്കുന്നത്‌. ഇതും യുപിഎയുടെ നിര്‍ദ്ദേശം മാനിച്ചാണ്‌. വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില വീണ്ടും കൂട്ടിയത്‌ എരിതീയില്‍ എണ്ണയൊഴിച്ചപോലെയാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രവും എണ്ണക്കമ്പനികളും നടത്തുന്ന ഒത്തുകളിയില്‍ ദുരിതക്കയത്തില്‍ അകപ്പെടുന്നത്‌ സാധാരണക്കാരായ ജനങ്ങളാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.