ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വഴിപാടു നിരക്കുകള്‍ കുത്തനെ കൂട്ടുന്നു

Friday 30 June 2017 4:27 pm IST

  തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനിച്ചു. ഉദയാസ്തമയ പൂജയ്ക്കും ചക്രാബ്ജപൂജയ്ക്കും ആയിരക്കണക്കിനു രൂപയുടെ വര്‍ധനവാണ് വരുത്തുന്നത്. നൂറ്റിയമ്പതുരൂപ ഈടാക്കിയിരുന്ന സ്‌പെഷ്യല്‍ സേവാ ടിക്കറ്റിന് ഇനി മുതല്‍ ഇരുന്നൂറുരൂപയും നൂറ്റിയെണ്‍പതുരൂപയുടെ സ്‌പെഷ്യല്‍ ടിക്കറ്റിന് ഇനി മുതല്‍ ഇരുന്നൂറ്റിയമ്പതുരൂപയും കൊടുക്കേണ്ടി വരും. വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ നൂറ്റിയറുപതുരൂപയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു ലിറ്റര്‍ പാല്‍പ്പായസത്തിന് ഇരുന്നൂറുരൂപ നല്‍കേണ്ടി വരും. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് സ്ഥാനം ഒഴിയും മുമ്പ് ഇറക്കിയ വിവാദ ഉത്തരവുകളെല്ലാം റദ്ദാക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. തന്റെ വിശ്വസ്തരായ ജീവനക്കാര്‍ക്ക് സതീഷ് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കുകയും ഇന്‍ക്രിമെന്റുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ട്. കൂടാതെ ഫിനാന്‍സ് ഓഫീസര്‍, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍, എസ്റ്റേറ്റ് ഓഫീസര്‍, അസിസ്റ്റന്റ് എസ്റ്റേറ്റ് ഓഫീസര്‍, പബ്ലിക്കേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ആന മേല്‍നോട്ടക്കാരന്‍ തുടങ്ങി കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്ത് സൃഷ്ടിക്കപ്പെട്ട അനാവശ്യ തസ്തികകള്‍ ക്ഷേത്രത്തിനു വന്‍ സാമ്പത്തികബാധ്യത ആണ് വരുത്തിയിരിക്കുന്നത്. ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഇത്തരം ചോര്‍ച്ച തടയാതെ വഴിപാടു നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ക്ഷേത്രത്തില്‍ നിന്നു വിരമിച്ചിട്ടും ക്ഷേത്രഭരണത്തില്‍ അനധികൃതമായി ഇടപെട്ടു കൊണ്ടിരുന്ന മുന്‍ മാനേജരെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ ഓഫിസില്‍ നിന്ന് ഇറക്കിവിട്ടു. കെ. എന്‍. സതീഷിന്റെ വിശ്വസ്തനെയാണ് പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇറക്കി വിട്ടത്. വിരമിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇദ്ദേഹം ഓഫീസില്‍ കയറിയിറങ്ങുന്നത് ദുരൂഹത വളര്‍ത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.