ന്യൂദല്‍ഹി : യാത്രക്കാര്‍ക്ക് 24 മണിക്കൂറും ഭക്ഷണം നല്കാന് ഫുഡ് വൈന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം പഴകിയതും ചെലവേറിയതുമാണെന്ന പരാതികളെ തുടര്‍ന്നാണ് ഇത്തരം മെഷീനുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
റെഡി ടു ഈറ്റ് ഭക്ഷണങ്ങളാണ് ഇവയില്‍ ലഭിക്കുക, പരീക്ഷണാടിസ്ഥാനത്തില്‍ ഉത്കൃഷ്ട് ഡബിള്‍ ഡക്കര്‍ എസി യാത്രി(ഉദയ്) എക്സ്പ്രസ്സിലാണ് ആദ്യം സ്ഥാപിക്കുക. ഇത് വിജയകരമാണെങ്കില്‍ മറ്റ് ട്രെയിനുകളിലും ഈ മെഷീന് സ്ഥാപിക്കും. ഫുഡ് വെന്‍ഡിങ് മെഷീനില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എതുവേണമെന്ന് സ്വയം തെരഞ്ഞെടുക്കാനും സാധിക്കും. കറന്‍സി, കാര്‍ഡ് ഇടപാടുകളും മെഷീന് സ്വീകരിക്കും.
എല്ലാ ട്രെയിനുകളുടേയും മൂന്നാമത്തെ കോച്ചിലാണ് വെന്‍ഡിങ് മെഷീന് സ്ഥാപിക്കുക. ഇതിലൂടെ സസ്യാഹാരവും മാംസാഹാരവും പ്രത്യേകം ലഭിക്കും. മെഷീന് സ്ഥാപിക്കുന്നതിനൊപ്പം ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ രൂപരേഖയും ഭക്ഷണത്തിന്റെ വിലയും പ്രദര്‍ശിപ്പിക്കുന്നതാണ്.
ഉദയ് എക്സ്പ്രസ് തിരക്കേറിയ റൂട്ടായ ദല്‍ഹി – ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലാണ് സര്‍വ്വീസ് നടത്തുന്നത്.
രാത്രി യാത്രക്കാരില്‍ നിന്ന് ഹോട്ടലുകളും മറ്റും ഭക്ഷണത്തിന് അധിക ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വെന്‍ഡിങ് മെഷീന് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: