പാലായില്‍ റോഡ് താഴുന്നെന്ന് പോലീസ്; വെറും തോന്നലെന്ന് പൊതുമരാമത്ത്

Friday 30 June 2017 8:42 pm IST

പാലാ: പാലാ റിവര്‍വ്യൂ റോഡിന്റെ ടൗണ്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഭാഗം താഴുന്നതായുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. റോഡിന്റെ ഈ ഭാഗം അല്‍പ്പം താഴ്ന്നിട്ടുണ്ടെങ്കിലും ഇത് അപകടങ്ങള്‍ക്ക് വഴിവെക്കില്ല. റോഡ് ഇടിയുകയാണെങ്കില്‍ അതിന് മുന്നോടിയായി റോഡിന് നടുവില്‍ ചെറിയ തോതിലെങ്കിലും വിള്ളല്‍ കാണപ്പെടുമായിരുന്നുവെന്നും പൊതുമരാമത്ത് പാലാ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്നലെ രാവിലെ പൊതുമരാമത്ത് പാലാ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയത്. റോഡിനെ അതിരിടുന്ന ളാലം തോട്ടില്‍ ജലനിരപ്പ് താഴ്ന്ന ശേഷം കല്‍ക്കെട്ടിന് എന്തെങ്കിലും ബലക്ഷയം ഉണ്ടോയെന്ന് വിശദമായ പരിശോധന നടത്തുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡ് താഴുന്നതായി പാലാ ട്രാഫിക് പോലീസ് പൊതുമരാമത്ത് പാലാ അസിസ്റ്റന്റ് എഞ്ചിനീയറെ നേരിട്ടും ഫോണിലും അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. അന്വേഷണമെന്ന നിലക്ക് പാലാ റിവര്‍വ്യു റോഡിന്റെ ഫുട്പാത്തിലൂടെ തങ്ങള്‍ 'നടന്നു നോക്കി'യെന്നും ഒരു കുഴപ്പവും കണ്ടില്ലെന്നുമായിരുന്നു പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തോമസ് നേരത്തെ നല്‍കിയ വിശദീകരണം. എട്ടുവര്‍ഷം മുമ്പ് റിവര്‍വ്യൂ റോഡിന്റെ ഒരു ഭാഗം ആറ്റിലേക്ക് ഇടിഞ്ഞു വീണിരുന്നു. നിര്‍മ്മാണഘട്ടത്തിലായിരുന്നു ഈ തകര്‍ച്ച. അന്നും റോഡ് കുറെശ്ശെയായി താഴ്ന്നതിന് ശേഷമാണ് ഇടിഞ്ഞുവീണത്. ഇപ്പോള്‍ റോഡ് താഴുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്ന സ്ഥലത്തും എടുത്തിട്ട മണ്ണും ആറ്റുമണലുമാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്. കനത്ത മഴയില്‍ ഈ ഭാഗത്ത് വെള്ളമുയര്‍ന്നതും ഭാരവണ്ടികള്‍ തുടര്‍ച്ചയായി കല്‍ക്കെട്ടിനോട് ചേര്‍ന്ന് പോയതുമാണ് റോഡ് താഴാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. റിവര്‍വ്യൂ റോഡില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പാലാ ട്രാഫിക് പോലീസ് ഇവിടെ ഡിവൈഡറുകള്‍ വച്ച് ഗതാഗതം രണ്ടു വശമായി തിരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.