പ്രധാനമന്ത്രിയുടെ താക്കീത്

Friday 30 June 2017 8:46 pm IST

ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ഗുരുവായിരുന്ന രാജ്ചന്ദ്രയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ നിരാശപ്പെടുത്തുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. ഗോസംരക്ഷകരെന്ന പേരില്‍ സാമൂഹ്യ ദ്രോഹികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു മോദി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗോഭക്തിയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അസന്ദിഗ്ധമായ ഭാഷയില്‍ വ്യക്തമാക്കുകയാണ് മോദി ചെയ്തത്. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായാണ് കരുതുന്നതെന്നും അവയുടെ സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മനുഷ്യരെക്കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന താക്കീത് നല്‍കിയിരിക്കുന്നു. ''സമൂഹമെന്ന നിലയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. പശുവിന്റെ പേരില്‍ ഒരാളും കൊല ചെയ്യപ്പെടാന്‍ പാടില്ല. ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ നിയമം അതിന്റേതായ നടപടിയെടുത്തുകൊള്ളും. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഗോഭക്തിയുടെ പേരില്‍ അക്രമം നടത്തുന്നത് രാഷ്ട്രപിതാവിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. ഗോരക്ഷയുടെ വഴി മഹാത്മജിയും വിനോബാഭാവെയും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഈ മാര്‍ഗ്ഗമാണ് നാം സ്വീകരിക്കേണ്ടത്.'' ഗോസംരക്ഷണവും അക്രമവും രണ്ടാണെന്ന് സംശയാതീതമായി പ്രഖ്യാപിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് ബിജെപിയുമായോ സംഘപരിവാറുമായോ കേന്ദ്രസര്‍ക്കാരുമായോ യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. ഇവയില്‍ പലതും പശുവുമായി ബന്ധപ്പെട്ടതുമല്ല. എന്നാല്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ് കുപ്രചാരണം നടത്തുകയാണ്. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ഈ അസത്യ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് പ്രധാനമന്ത്രി സബര്‍മതി ആശ്രമത്തില്‍ നടത്തിയ പ്രസംഗം. കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള തങ്ങളുടെ ശ്രമങ്ങള്‍ വിഫലമാവുന്നതിന്റെ അമര്‍ഷം കോണ്‍ഗ്രസിനുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ആത്മാര്‍ര്‍ത്ഥതയില്ലെന്നും വില കുറഞ്ഞ പ്രചാരണം നടത്തുന്നുവെന്നുമാണ് കോണ്‍ഗ്രസ് വക്താവിന്റെ ആക്ഷേപം. കാപട്യം കൈമുതലാക്കിയ ഒരു പാര്‍ട്ടിക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയാത്തത് സ്വാഭാവികമാണല്ലോ. ''ഉറുമ്പിനുപോലും തീറ്റകൊടുക്കുന്ന നാട്ടില്‍, തെരുവുപട്ടികളെ പോറ്റുന്ന നാട്ടില്‍, മത്സ്യങ്ങള്‍ക്ക് ഭക്ഷണംകൊടുക്കുന്ന പാരമ്പര്യമുള്ളിടത്ത് അക്രമം ഒന്നിനും പരിഹാരമല്ല'' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ വാക്കുകളിലെ ആത്മാര്‍ത്ഥത തിരിച്ചറിയാത്തവരെയോര്‍ത്ത് സഹതപിക്കാനേ കഴിയൂ. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ ആദ്യമായല്ല പ്രധാനമന്ത്രി മോദി അപലപിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ഗോസംരക്ഷകരല്ല, സാമൂഹ്യവിരുദ്ധരാണെന്ന് 2016 സെപ്തംബറില്‍ മോദി വിമര്‍ശിച്ചിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. രാത്രിയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിലര്‍ പകല്‍വെളിച്ചത്തില്‍ ഗോസംരക്ഷകര്‍ ചമയുന്നുവെന്നാണ് മോദി അന്ന് അഭിപ്രായപ്പെട്ടത്. ഇക്കാര്യം വിസ്മരിച്ച് കിട്ടാവുന്ന അവസരങ്ങളൊക്കെ ഉപയോഗിച്ച് എത്രയൊക്കെ വിമര്‍ശിച്ചിട്ടും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്‌ക്കോ സ്വീകാര്യതയ്‌ക്കോ യാതൊരു കുറവും സംഭവിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ബിജെപി നേടുന്ന വിജയം ഇതിന് തെളിവാണ്. പശുവിനെ മാതാവായി കാണുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. പശു അനുകമ്പയുടെ കവിതയാണെന്ന് മഹാത്മജിതന്നെ പറയാനുള്ള കാരണവും മറ്റൊന്നല്ല. ഈ വൈകാരികഭാവം മുന്‍നിര്‍ത്തിയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഗോഹത്യ നിയമവിരുദ്ധമാക്കിയിട്ടുള്ളത്. ഈ നിയമനിര്‍മാണങ്ങള്‍ പലതും കോണ്‍ഗ്രസ് ഭരണകാലത്ത് നടന്നിട്ടുള്ളതുമാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടും ചിലര്‍ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണ്. കണ്ണൂരില്‍ പശുക്കുട്ടിയെ നടുറോഡില്‍ കഴുത്തറുത്ത് കൊന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണല്ലോ. വൈകാരിക വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ച് രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.