വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി

Friday 30 June 2017 8:42 pm IST

എരുമേലി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതി ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കട്ടപ്പന കാപ്പിപതാല്‍ സ്വദേശിനി വിക്ടോറിയക്കെതിരെയാണ് എരുമേലി എലിവാലിക്കര സ്വദേശിനി പുത്തന്‍പുരയ്ക്കല്‍ ഓമന രാജു എരുമേലി പോലീസില്‍ പരാതി നല്‍കിയത്. ഇവരുടെ മകനും സഹോദരിയുടെ മകനും ജോലി ലഭിക്കുന്നതിനായി 80,000 രൂപ 2016 മെയ് 2ന് നല്‍കിയെന്നാണ് പരാതി. പരാതി നല്‍കിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി മുപ്പതോളം യുവതി, യുവാക്കളാണ് തട്ടിപ്പിനിരയായത്. ദുബായിലുള്ള അല്‍മദീന എന്ന ഹൈപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് വിവിധ തസ്തികളിലേയ്ക്ക് ജോലി നല്‍കാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. ഒരു വര്‍ഷം മുന്‍പ് എരുമേലിയിലുള്ള സഹോദരിയുടെ വീട്ടില്‍ ഉദ്യോഗാര്‍ഥികളെ വിളിച്ചു വരുത്തി ജോലിയുടെ വിശദാംശങ്ങള്‍ നല്‍കിയ ശേഷമാണ് പണം വാങ്ങിയത്. രണ്ടു തവണയായാണ് പണം വാങ്ങിയത്. പണം നല്‍കി 15 ദിവസത്തിനകം വിസ വരുമെന്ന് പറയുകയും ഇതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ കാലതാമസമുണ്ടെന്ന് അറിയിച്ചു. ഇതിനിടയില്‍ ദുബായിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സ്ഥാപനം ഇല്ലെന്നാണ് അറിഞ്ഞതെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് പലതവണ വിസ വാഗ്ദാനം ചെയ്തവരുമായി ബന്ധപ്പെട്ടിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നുവെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പരാതിയുമായെത്തിയ ചിലര്‍ക്ക് പണം തിരികെ നല്‍കിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും പണം ലഭിക്കാനുണ്ട്. ഒരു വര്‍ഷമായിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.