കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും കേരള ഫുട്ബോള്‍ അസോസിയേഷനും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ താരങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ സ്കൂളുകള്‍ തുടങ്ങുന്നു. സ്കൂളുകള്‍ സംസ്ഥാനത്തെ 14 ജില്ലകളിലും തുടങ്ങുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ തൃപുരനേനിയും, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.എ. മേത്തറും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാലയങ്ങളുമായി സഹകരിച്ചാണ് സ്കൂളുകള്‍ ആരംഭിക്കുക. 10, 12, 14, 16 പ്രായ പരിധി പരിഗണിച്ച് സ്കൂളുകള്‍ തമ്മില്‍ ലീഗ് മത്സരങ്ങള്‍ നടത്തി മികവ് പുലര്‍ത്തുന്നവരെ കൂടുതല്‍ പരിശീലനത്തിനായി ഡെവലപ്പ്മെന്റ് കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കും. ഈ വര്‍ഷം ഇത്തരം അഞ്ച് കേന്ദ്രങ്ങളാരംഭിക്കും. മികച്ച ടീം, മികച്ച കളിക്കാരന് എന്നിവരെ എല്ലാ പ്രായക്കാരില്‍ നിന്നും തെരഞ്ഞെടുക്കും. മത്സരങ്ങളും, പ്രകടനങ്ങളും വിലയിരുത്തി ടെക്നിക്കല്‍ ഡയറക്ടര്‍ താംങ്ബോയ് സിംങ്തോയാണ് മികവുള്ളവരെ കണ്ടെത്തുക.
ഇതിനായി ഈ വര്‍ഷം തന്നെ അഞ്ചു ഡവലപ്മെന്റ് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഫുട്ബോള്‍ സ്കൂളുകളിലേക്കുള്ള രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. താല്പര്യമുള്ളവര്ക്ക് 97455 91111, 97455 92222, 97455 93333, 97455 94444 നമ്പറുകളില്‍ വിളിച്ചോ [email protected] ഇമെയില്‍ വിലാസം വഴിയോ അപേക്ഷിക്കാം.
ഇവരില്‍ നിന്ന് ഭാവിയിലെ മികച്ച ഫുട്ബോളര്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം കെഎഫ്എ നല്‍കും. സ്കോര്‍ ലൈന്‍ സ്പോര്‍ട്സിനാണ് നടത്തിപ്പ് ചുമതല. ഇതിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് ജൂലൈ ഒന്നിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: