സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കി:എയിംഫില്‍ സമരം ഒത്തുതീര്‍പ്പായി

Friday 30 June 2017 10:33 pm IST

കോഴിക്കോട്: വിദ്യാഭ്യാസ തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. എംയിഫില്‍ മാനേജ്‌മെന്റ് തടഞ്ഞുവച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാന്‍ തീരുമാനമായതോടെയാണ് ഒരുമാസത്തോളമായി കോഴിക്കോട് മാവൂര്‍ റോഡിലെ എയിംഫില്‍ സെന്ററിന് മുന്നില്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. 17 വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചര്‍ച്ചയില്‍ വച്ചുതന്നെ തിരിച്ചു നല്‍കി. ബാക്കിയുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്നുതന്നെ എത്തിക്കുമെന്നും എയിംഫില്‍ മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം കോടതികളില്‍ നടക്കുന്ന കേസുകള്‍ പിന്‍വലിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന സമരം എയിംഫിലിന്റെ കൊച്ചിയിലെ ആസ്ഥാനത്തിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന സമരത്തിന്റെ ഭാഗമായി പല ദിവസങ്ങളായി നിരവധി വിദ്യാര്‍ത്ഥികളാണ് നിരാഹാര സമരം അനുഷ്ഠിച്ചത്. ആരോഗ്യനില വഷളാകുമ്പോള്‍ നിരാഹാരസമരം നടത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ സമയം തന്നെ മറ്റു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുകയായിരുന്നു. യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെയും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയും സമരത്തിന് ശക്തി പകര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. എബിവിപി, യുവമോര്‍ച്ച, കെഎസ്‌യു തുടങ്ങിയ സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നെങ്കിലും സിപിഎം പോഷക സംഘടനകളായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇന്നലെ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധി ബീജല്‍ ഷാ, വിദ്യാര്‍ത്ഥികളായ ഹര്‍ഷാദ്, ഗൗതം, കൃഷ്ണകുമാര്‍, രേഷ്മ, യുവമോര്‍ച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് ബിനീഷ് നെല്ലിക്കോട്, നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി. സരൂപ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.