ലീഗ്- സിപിഎം കൂട്ടുകെട്ട്; പിന്തുണയുമായി കോണ്‍ഗ്രസും

Friday 30 June 2017 10:47 pm IST

കോഴിക്കോട്: സമാധാന ശ്രമങ്ങള്‍ക്കായുള്ള നീക്കങ്ങള്‍ക്കെതിരെ ലീഗ്-സിപിഎം അസഹിഷ്ണുത. ഓര്‍ഗനൈസര്‍ വാരിക മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന 'ശാന്തി തേടി' സംവാദത്തിനെതിരെയാണ് ലീഗും, സിപിഎമ്മും രംഗത്തുവന്നിരിക്കുന്നത്. ഓര്‍ഗനൈസര്‍ വാരിക മുഖ്യ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന തല നേതാക്കളെ നേരില്‍ കണ്ട് സംവാദത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടാണ് ഓര്‍ഗനൈസര്‍ പത്രാധിപര്‍ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി. എന്നാല്‍ ഇന്നലെയാണ് അക്രമവിരുദ്ധ സംവാദത്തിനെതിരെ സിപിഎം പത്രക്കുറിപ്പ് ഇറക്കിയത്. ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേത്കറെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് സിപിഎം പത്രക്കുറിപ്പ്. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറും പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഓര്‍ഗനൈസര്‍ പത്രാധിപരോട് സമ്മതിച്ചതാണ്. എന്നാല്‍ പിന്നീട് മുനീര്‍ വാക്കുമാറ്റുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് സിപിഎം പരസ്യമായി സംവാദത്തെ തള്ളിപ്പറഞ്ഞത്. മുസ്ലിം ലീഗിന്റെ നിലപാടിനൊപ്പിച്ച് സിപിഎമ്മും സംവാദത്തിനെതിരെ പ്രതികരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കോണ്‍ഗ്രസ്സും പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് അറിയിച്ചു. സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ രമേശ് ചെന്നിത്തലയാണ് എം.എം ഹസ്സന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയത്. തുടര്‍ന്ന് ഹസ്സനെയും തിരുവനന്തപുരത്തെ കെപിസിസി ഓഫീസില്‍ നേരിട്ട് കണ്ട് ക്ഷണിച്ചിരുന്നു. ലീഗിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പിന്നീട് നിലപാട് മാറ്റിയത്. പരിപാടിയില്‍ കേരളത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സൃഷ്ടിപരമായ സമാധാനശ്രമങ്ങളെ പിന്തുണക്കണമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ഡോ.എം.ജിഎസ് നാരായണന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയും സിപിഎം ആക്ഷേപങ്ങള്‍ ചൊരിയുന്നുണ്ട്. അക്രമ പരമ്പരകള്‍ക്കും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ ആശയസംവാദം വേണമെന്നും സമാധാന ശ്രമങ്ങള്‍ക്ക് പ്രായോഗിക സമീപനങ്ങള്‍ ഉയര്‍ന്നു വരണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് കൂട്ടായ്മ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.