ആയുര്‍വ്വേദ മഹര്‍ഷി

Saturday 1 July 2017 5:49 pm IST

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വിശ്വപ്രസിദ്ധമാണ്. കോട്ടക്കല്‍ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ആര്യവൈദ്യശാലയെന്ന പേരും അനുവാദമില്ലാതെ മനസ്സിലേക്ക് കടന്നുവരും. കോട്ടക്കലിനെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഒരു മഹത് വ്യക്തിത്വമുണ്ട്. 97-ാം വയസ്സിലൂടെ സഞ്ചരിക്കുമ്പോഴും ഊര്‍ജ്ജസ്വലന്‍, കര്‍മ്മനിരതന്‍, സേവനത്തിന്റെ മാതൃക, കൃത്യനിഷ്ഠയുടെ ആള്‍രൂപം, സര്‍വ്വോപരി ആയുര്‍വേദത്തിന്റെ കുലപതി ഡോ.പി.കെ. വാര്യര്‍. ഭാരതീയ ആയുരാരോഗ്യ സംരക്ഷണ രീതിയായ ആയുര്‍വേദത്തെ ജനകീയമാക്കിയതില്‍ ഈ കര്‍മ്മയോഗി വഹിച്ച പങ്ക് പ്രശംസനീയമാണ്. അലോപ്പതിയുടെ അതിപ്രസരത്തില്‍ മനുഷ്യന്‍ മറന്നുതുടങ്ങിയ ആയുര്‍വേദത്തിന് പുത്തനുണര്‍വ് നല്‍കാന്‍ ഡോ.പി.കെ.വാര്യരും കോട്ടക്കല്‍ ആര്യവൈദ്യശാലയും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു. ഇന്നും അത് തുടരുകയാണ്. വൈദ്യശാസ്ത്രം കച്ചവടങ്ങളുടെ കൂത്തരങ്ങാകുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി മാതൃകയാകുകയാണ് ആര്യവൈദ്യശാല. മരുന്നുകള്‍ വെറും വില്‍പ്പനച്ചരക്കായി മാത്രം കാണുന്നതിനോട് ഡോ.പി.കെ.വാര്യര്‍ക്ക് അന്നും ഇന്നും യോജിപ്പില്ല. ഊര്‍ജ്ജം കുടുംബം, ഗുരു അമ്മാവന്‍ കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ആ ഇമ്പമാണ് തന്റെ ഊര്‍ജ്ജസ്രോതസ്സെന്ന് ഡോ.പി.കെ. വാര്യര്‍ പറയുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കോടിതലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി.കെ.വാര്യരുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു പഠനം. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ്.വാര്യര്‍ ആയുര്‍വേദ കോളേജിലും. അമ്മാവനായ വൈദ്യരത്‌നം ഡോ.പി.എസ്. വാര്യരാണ് ഗുരുവും വഴികാട്ടിയും. ബഹുമുഖ പ്രതിഭയായിരുന്നു ഡോ.പി.എസ്. വാര്യര്‍. ആയുര്‍വേദത്തിലും അലോപ്പതിയിലും പ്രാവീണ്യം നേടിയ അദ്ദേഹം ഗുരുകുല സമ്പ്രദായത്തിലാണ് ആയുര്‍വേദ പഠനം നടത്തിയത്. 1902 ല്‍ പി.എസ്. വാര്യരാണ് കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സാവിധികള്‍ ലഭ്യമാക്കുന്ന വിശ്വസനീയമായ സ്ഥാപനമാണ് ഇന്നിത്. ആയുര്‍വേദ മരുന്നുകള്‍ പരമ്പരാഗത രീതിയില്‍ ശുദ്ധമായി നിര്‍മ്മിച്ച് രോഗികള്‍ക്ക് നല്‍കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 1933ല്‍ വൈദ്യരത്നം എന്ന സ്ഥാനം നല്‍കി ആദരിച്ചു. 1944 ലാണ് പി.എസ്.വാര്യര്‍ അന്തരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആര്യവൈദ്യശാലയെ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി മാറ്റുകയായിരുന്നു. ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായി 1944 ല്‍ ചുമതലയേറ്റത് ഡോ.പി.കെ. വാര്യരുടെ ജ്യേഷ്ഠനായ പി.മാധവവാര്യരായിരുന്നു. ആര്യവൈദ്യശാലയുടെ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. 1953 ല്‍ നാഗ്പൂരില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചു. അതിന് ശേഷമാണ് ഡോ.പി.കെ. വാര്യര്‍ ആര്യവൈദ്യശാലയുടെ ചുമതലയിലേക്കെത്തിയത്. അരനൂറ്റാണ്ടിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ. വാര്യര്‍. നേതൃത്വപാടവത്തിലും വൈദ്യത്തിലും പകരക്കാരനില്ലാതെ ഇന്നും ആ ജൈത്രയാത്ര തുടരുന്നു. പി.കെ. വാര്യരുടെ ഭാര്യ മാധവിക്കുട്ടി വാരസ്യാര്‍ 1997ല്‍ അന്തരിച്ചു. മക്കള്‍: ഡോ. ബാലചന്ദ്രന്‍, വിജയന്‍, സുഭദ്ര. മരുമക്കള്‍: രാജലക്ഷ്മി, രതി, രാമചന്ദ്രന്‍. പേരക്കുട്ടികള്‍: ഡോ. പാര്‍വ്വതി, ദീപക്, വിവേക്, അജയ്, അനുപമ. കോട്ടക്കലിന്റെ സൗന്ദര്യം ലോകത്ത് എവിടെ ചെന്നാലും കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ബന്ധമുള്ള ഒരാളെങ്കിലും ഉണ്ടാകും. കോട്ടക്കല്‍ എന്ന ഗ്രാമത്തില്‍ ക്ലിനിക്കിന്റെ രൂപത്തില്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പടര്‍ന്ന് പന്തലിച്ച് വിവിധ വിഭാഗങ്ങളിലായി എല്ലാത്തരത്തില്‍പ്പെട്ട രോഗങ്ങള്‍ക്കുമുള്ള ചികിത്സാവിധികളുമുള്ള ആശുപത്രിയായി മാറിയിരിക്കുന്നു. ആധുനിക രീതിയിലുള്ള രണ്ട് മരുന്നു നിര്‍മ്മാണശാലകള്‍ ഇവിടെയുണ്ട്. കോട്ടക്കലിലും പാലക്കാട് ജില്ലയിലെ കഞ്ചിക്കോടുമാണ് മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നത്. ഏകദേശം അഞ്ഞൂറോളം ആയുര്‍വേദ മരുന്നുകള്‍ ഇവിടെ തയ്യാറാക്കുന്നു. വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പലരും ഇവിടെ എത്തിയിട്ടുണ്ട്. ന്യൂദല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും പിന്നീട് ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അഹമ്മദാബാദ്, ജംഷഡ്പൂര്‍, ന്യൂദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, മൈസൂര്‍, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മാംഗലാപുരം, അടൂര്‍, ആലുവ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ സ്ഥാപനത്തിന് ശാഖകളുണ്ട്. 1025 ഇനം ഔഷധ സസ്യങ്ങളും കല്യാണ സൗഗന്ധികം, അര്‍ജുന വൃക്ഷം എന്നിങ്ങനെ കേട്ടറിവ് മാത്രമുള്ള പലതരം ചെടികളും സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ് റിസര്‍ച്ച് എന്ന ഔഷധ സസ്യപരിപാലന കേന്ദ്രത്തില്‍ നട്ടുവളര്‍ത്തുന്നു. ജിംനോസ്റ്റാക്കിയം വാരിയരാനം ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തിന് പി.കെ. വാര്യര്‍ നല്‍കിയ സംഭാവനകള്‍ക്കുള്ള ബഹുമതികൂടിയാണ് ഈ സസ്യം. കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ.വാര്യരുടെ പേരാണ് നല്‍കിയിരിക്കുന്നത്, ജിംനോസ്റ്റാക്കിയം വാരിയരാനം. 70 സെന്റിമീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ സസ്യം നവംബറിനും മാര്‍ച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള പുഷ്പങ്ങളാണ് ഉണ്ടാകുന്നത്. വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഈ ചെടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യഉദ്യാനത്തില്‍ പരിപാലിക്കുന്നു. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സില്‍പ്പെട്ടതാണ് ഇത്. ഇന്ത്യയില്‍ ഈ ഇനത്തില്‍പ്പെട്ട 14 സസ്യങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വെറും ഏഴെണ്ണം മാത്രമാണുള്ളത്. കൃത്യനിഷ്ഠ; ജീവനത്തിലും  കര്‍മ്മത്തിലും തൊഴിലിലും ജീവിതത്തിലും പി.കെ.വാര്യര്‍ പുലര്‍ത്തുന്ന കൃത്യനിഷ്ഠ മാതൃകാപരമാണ്. ആഹാര കാര്യത്തില്‍ വ്യക്തിപരമായ ചില നിഷ്ഠകളുണ്ടെന്ന് വാര്യര്‍ പറയുന്നു. വിഷലിപ്തമായ ഈ കാലഘട്ടത്തിലും എങ്ങനെ ഇത് തുടരുന്നു എന്ന് ചോദിച്ചാലും കൃത്യമായ മറുപടിയുണ്ട്. എന്റെ നിഷ്ഠകള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ ആഹാരവസ്തുക്കളിലെ വിഷക്കലര്‍പ്പ് അങ്ങനെയല്ല, അത് ആര്‍ക്കും നന്നല്ല. എന്നുവെച്ച് എനിക്ക് മാത്രമായി ധാന്യങ്ങളും പച്ചക്കറികളും ഉണ്ടാക്കാനും സാധിക്കില്ല. കൃഷി ഒരു സ്വതന്ത്രമേഖലയൊന്നുമല്ല. വ്യവസ്ഥിതിയുടെ മാറ്റം ആവശ്യപ്പെടുന്ന മേഖലയാണ്. അത് നമ്മുടെ നിയന്ത്രണത്തിലല്ല. ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ വര്‍ധിക്കുമ്പോള്‍ സമയനിഷ്ഠയും കൃത്യനിഷ്ഠയും പാലിക്കേണ്ടത് അത്യാവശ്യമാണ്- വാര്യര്‍ പറയുന്നു. രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കും. തുടര്‍ന്ന് വ്യായാമം. ഇളനീരാണ് പ്രധാന പ്രാതല്‍. ദിവസവും രാവിലെ അഷ്ടാംഗഹൃദയം വായിക്കും. രാത്രി ഭക്ഷണശേഷം അരമണിക്കൂര്‍ നടക്കും. രാത്രി പത്ത് മണിക്ക് ഉറങ്ങും. വര്‍ഷങ്ങളായി ഈ ആയുര്‍വേദ കുലപതി പിന്തുടരുന്ന കഠിനമായ നിഷ്ഠയാണ് അദ്ദേഹത്തിന്റെയും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെയും വിജയരഹസ്യം. പുരസ്‌കാരങ്ങള്‍ ബഹുമതികള്‍ ആയുര്‍വേദത്തിന്റെയും മലപ്പുറം ജില്ലയുടെയും പേരും പെരുമയും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ഡോ.പി.കെ. വാര്യരെ നേടിയെത്തിയ പുരസ്‌കാരങ്ങളും ബഹുമതികളും ഏറെയാണ്. 1997-ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് 'ആയുര്‍വേദ മഹര്‍ഷി' സ്ഥാനം, 1999-ല്‍ പത്മശ്രീ, വിജയവാഡയിലെ അക്കാദമി ഓഫ് ആയുര്‍വേദത്തിന്റെ മില്ലേനിയം ഗോള്‍ഡ് മെഡല്‍, 1999-ല്‍ കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് നല്‍കി ആദരിച്ചു. 2001-ല്‍ ധന്വന്തരി അവാര്‍ഡ, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, 2001-ല്‍ ആദി സമ്മാന്‍ പുരസ്‌കാര്‍, 2002-ല്‍ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്, 2003ല്‍ പി.എസ്. ജോണ്‍ മെമ്മോറിയല്‍ അവാര്‍ഡ്, 2003ല്‍ പതഞ്ജലി പുരസ്‌കാരം, 2004ല്‍ സി. അച്യുതമേനോന്‍ അവാര്‍ഡ്, 2009-ല്‍ അഷ്ടാംഗരത്‌ന അവാര്‍ഡ്, ആത്മകഥയായ സ്മൃതിപര്‍വ്വത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2010-ല്‍ പത്മഭൂഷണ്‍ അങ്ങനെ ബഹുമതികളുടെ പട്ടിക നീളുന്നു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.