കരിങ്കല്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധന: ടിപ്പര്‍തൊഴിലാളിയൂണിയന്‍ അനിശ്ചിതകാല സമരം തുടങ്ങി

Saturday 1 July 2017 9:18 pm IST

ഇരിട്ടി: കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് വര്‍ധനവ് വരുത്താന്‍ ധാരണയാക്കിയതിലും അധികം തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മേഖലയിലെ ക്രഷറുകളില്‍ നിന്നുള്ള ഉല്പന്ന നീക്കം തടസപ്പെടുത്തി ടിപ്പര്‍ തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി. വാണിയപ്പാറതട്ട്, രണ്ടാംകടവ്്, കോളിത്തട്ട് എന്നിവിടങ്ങളിലെ അഞ്ച് ക്രഷറുകളിലായി സാധാരണ പോലെ ഉല്പന്നം എടുക്കാനെത്തിയ നൂറ്റന്‍പതോളം ടിപ്പര്‍ വാഹനങ്ങള്‍ അധിക വില ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചരക്ക് എടുക്കാതെ പ്രതിഷേധിക്കുകയായിരുന്നു. നാലു മാസത്തിനിടയില്‍ രണ്ടാമതും നടത്തിയ വര്‍ധനക്കിടെയാണ് ജിഎസ്ടിയുടെ മറവില്‍ ക്രഷര്‍ ഉടമകള്‍ വീണ്ടും വര്‍ധന ആവശ്യപ്പെട്ടത്. പൊതുവെ മേഖലയിലെ ക്രഷറുകളില്‍ ഉല്പന്നങ്ങള്‍ക്ക് കൂടിയ വിലയാണ് ഈടാക്കുന്നതെന്ന പരാതികള്‍ക്കും സമരങ്ങള്‍ക്കും ഇടയിലാണ് ഇക്കാര്യത്തിലുള്ള സമിതി കഴിഞ്ഞ 14 ന്് യോഗം ചേര്‍ന്ന് ഇന്നലെ മുതല്‍ വില വര്‍ധിപ്പിക്കാന്‍ ധാരണയായത്. മെറ്റലിന് അടിക്ക് 28 രൂപയില്‍ നിന്ന് 30 ആയും ചിപ്‌സ്, പൊടി എന്നിവയ്ക്ക് 25 രൂപയില്‍ നിന്ന് 27 ആയും എം സാന്‍ഡ് നേരിയതിന് 60 രൂപയില്‍ നിന്ന് 62 ആയും എം സാന്‍ഡ് തടിച്ചതിന് 50 രൂപയില്‍ നിന്ന് 53 ആയും വര്‍ധിപ്പിക്കാനായിരുന്നു ചര്‍ച്ചയിലുണ്ടാക്കിയ ധാരണ. ഇതനുസരിച്ച് ഇന്നലെ ഉല്പന്നങ്ങളെടുക്കാന്‍ ടിപ്പര്‍ ലോറികള്‍ എത്തിയപ്പോഴാണ് ഈ വിലയ്ക്ക് പുറമെ ജിഎസ്ടി വകയായി ഒരടി ഉല്പന്നത്തിന് രണ്ടു രൂപയോളം അധികം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ടിപ്പര്‍ ലോറി ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു. നികുതി ഉടമസ്ഥന്റെ ലാഭത്തില്‍ നിന്ന് കൊടുക്കേണ്ടതിന് പകരം ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പിക്കുന്നത് നീതികേടാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ധന കൂടി കൂട്ടുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടയില്‍ ഒരടി കരിങ്കല്‍ ഉല്പനത്തിന് വര്‍ധനവ് വരുത്തിയത് ഏഴു രൂപയാകും. സമരം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ച ഉടമകള്‍ ജിഎസ്ടി വര്‍ധന തീരുമാനത്തില്‍ ഉറച്ചു നിന്നതിനാല്‍ അലസി പിരിഞ്ഞു. നാട്ടുകാരുടെ സഹായം കൂടി ഉറപ്പാക്കി സമരം ശക്തമാക്കുമെന്ന് സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനും വ്യക്തമാക്കി. സമരത്തിന് തങ്കച്ചന്‍ മുള്ളന്‍കുഴിയില്‍, ഉണ്ണി കേളന്‍പീടിക, മുനീര്‍ മാടത്തില്‍, പ്രജീഷ് കേളന്‍പീടിക, പ്രസാദ് കീര്‍ത്തനം എന്നിവര്‍ നേതൃത്വം നല്‍കി. ക്രഷറുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ വാങ്ങി പൊതുജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത് പ്രധാനമായും പുറമെ നിന്നുള്ള ടിപ്പര്‍ വാഹനങ്ങളാണ്. ഇവരുടെ യൂണിയനുകളാണ് സമര രംഗത്തുള്ളത്. ഇത്തരം വാഹനങ്ങളല്ലാതെ ക്രഷറുകളുടെ ഉടമസ്ഥതയിലുള്ള വിദേശ ഇനം വന്‍കിട ടിപ്പര്‍ വാഹനങ്ങള്‍ മുഖേന നേരിട്ട് കരാറുകാര്‍ക്ക് ഉല്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇങ്ങനെ ഉല്പന്നങ്ങളുമായി പോകുന്ന വാഹനങ്ങളും സമരക്കാര്‍ തടയും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.