കാന്‍സര്‍ കേന്ദ്രം: മെഡിക്കല്‍ കോളേജില്‍ സൗകര്യം ഒരുക്കും

Saturday 1 July 2017 10:14 pm IST

  കൊച്ചി: കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിനായി കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളേജിലെ ചികിത്സാ സൗകര്യങ്ങള്‍ താത്കാലികമായി പ്രയോജനപ്പെടുത്താന്‍ ധാരണയായതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. കാന്‍സര്‍ കേന്ദ്രത്തിന്റെ ഓപ്പറേഷന്‍ തീയേറ്റര്‍ സജ്ജമാകുന്നതു വരെ മെഡിക്കല്‍ കോളേജിലെ തീയേറ്ററില്‍ ശസ്ത്രക്രിയകള്‍ നടത്തും. ഇതിനായി 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കാന്‍സര്‍ കേന്ദ്രം നല്‍കും. തീയേറ്റര്‍ കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്ക് ചെയ്യാനുള്ള രീതിയില്‍ നവീകരിക്കും. ഒക്‌ടോബര്‍ ഒന്നിനകം കാന്‍സര്‍ കേന്ദ്രത്തിലെ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കാനാകും. ഇതിനകം രണ്ട് ശസ്ത്രക്രിയകള്‍ കാന്‍സര്‍ കേന്ദ്രത്തിന് വേണ്ടി മെഡിക്കല്‍ കോളേജിലെ തീയേറ്ററില്‍ നടത്തിക്കഴിഞ്ഞു. കാന്‍സര്‍ കേന്ദ്രത്തില്‍ രോഗികളുടെ തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും നടപടി സ്വീകരിക്കും. പാര്‍ട് ടൈം അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ വിദഗ്ധനെ നിയമിക്കും. കാന്‍സര്‍ ഗവേഷണ, ചികിത്സാ കേന്ദ്രത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംബന്ധിച്ച അവലോകനവും യോഗത്തില്‍ നടന്നു. അന്തിമ റിപ്പോര്‍ട്ട് ജൂലൈ 15നകം തയാറാകും. ഓഗസ്റ്റ് അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ടെന്‍ഡര്‍ വിളിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.