കടലില്‍ മത്സ്യലഭ്യത കുറഞ്ഞു: പരമ്പരാഗത വള്ളക്കാര്‍ പട്ടിണിയിലേക്ക്

Saturday 1 July 2017 10:23 pm IST

  പളളുരുത്തി: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കടലില്‍ കോളു പ്രതീക്ഷിച്ചിറങ്ങിയ പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് നിരാശ. നിരോധനം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായി മല്‍സ്യം ലഭിക്കാത്തത് പരമ്പരാഗത വിഭാഗത്തെ ആശങ്കയിലാക്കി. സാധാരണ ട്രോളിംഗ് നിരോധന കാലത്ത് കടലിലിറങ്ങുന്ന പരമ്പരാഗത വിഭാഗക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ ചാകര ലഭിക്കുക പതിവാണ്. എന്നാല്‍ ഇക്കുറി ചെറിയ തോതില്‍ ചാകര ലഭിച്ച തൊഴിച്ചാല്‍ പിന്നീട് കാര്യമായ മല്‍സ്യം ലഭിച്ചിട്ടില്ല. സാധാരണ ലഭിക്കുന്ന അയല,മത്തി എന്നിവ പോലും വളരെ കുറഞ്ഞ തോതിലാണ് ലഭിക്കുന്നത്. ക്ഷാമം രൂക്ഷമായതോടെ ലഭിക്കുന്ന മല്‍സ്യത്തിന്റെ വിലയും വലിയ തോതില്‍ വര്‍ദ്ധിച്ചു. ഇടത് കച്ചവടക്കാര്‍ക്ക് നേട്ടമുണ്ടാക്കി. ഒരു കിലോ അയലക്ക് 250 രൂപ വരെയാണ് വില.മത്തിക്കാകട്ടേ ഒരെണ്ണത്തിന് ആറ് രൂപയാണ് ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങുന്നത്.കിളിമീനൊന്നും പേരിന് പോലും ലഭിക്കാത്ത അവസ്ഥയാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മല്‍സ്യങ്ങളാണ് ഇപ്പോള്‍ അല്‍പ്പമെങ്കിലും വിപണിയെ നിലനിര്‍ത്തുന്നത്.മണ്‍സൂണ്‍ കാലമായിട്ട് പോലും മല്‍സ്യ ക്ഷാമം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.കനത്ത മഴ പെയ്താല്‍ കടലിന്റെ ഉപരിതലം തണുക്കുകയും ധാരാളം മീന്‍ ലഭ്യമാകുമെന്നുമാണ് വിലയിരുത്തല്‍.എന്നാല്‍ ഇത്തവണ മഴ കനത്തിട്ടും മല്‍സ്യ ലഭ്യതയില്ലാത്തത് കടലിന്റെ ഉപരിതലം തണുക്കാത്തത് കൊണ്ടാണെന്നാണ് മല്‍സ്യമേഖലയിലുള്ളവര്‍ പറയുന്നത്. ഇന്‍ബോര്‍ഡ്,ഔട്ട് ബോര്‍ഡ് ഉള്‍പ്പെടെ അറുന്നൂറോളം വള്ളങ്ങളാണ് കൊച്ചി കേന്ദ്രീകരിച്ച് മല്‍സ്യബന്ധനത്തിനായി പോകുന്നത്. ട്രോളിംഗ് നിരോധനം വേണ്ടത്ര രീതിയില്‍ ഫലം കാണുന്നില്ലന്നാണ് ഇപ്പോഴത്തെ മല്‍സ്യക്ഷാമം തെളിയിക്കുന്നത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.