പകര്‍ച്ചവ്യാധി പടര്‍ത്താന്‍ പോലീസ് ശുചിത്വമില്ലാതെ സര്‍ക്കാര്‍ ഓഫീസുകള്‍

Saturday 1 July 2017 10:29 pm IST

കൊച്ചി: പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാഹചര്യമൊരുക്കിയവരെ കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് തുടങ്ങി. സര്‍ക്കാര്‍ വകുപ്പുകള്‍ പരിസരം വൃത്തിയാക്കുന്നതില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തി. പോലീസ്, കെഎസ്ആര്‍ടിസി, ജല അതോറിറ്റി തുടങ്ങിയ ഓഫീസുകളാണ് പരിസര ശുചിത്വത്തില്‍ ഗുരുതര വീഴ്ചവരുത്തിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കേസിലുള്‍പ്പെട്ട വാഹനങ്ങള്‍ കൂട്ടിയിരിക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പടരാനുള്ള സാഹചര്യങ്ങള്‍ ഉടന്‍ തന്നെ ഒഴിവാക്കണമെന്ന് പോലീസിനോട് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ബോട്ടുജെട്ടിയിലും മാലിന്യങ്ങള്‍ കുന്നുകൂടി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധനയുണ്ടായിരുന്നു. ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിസര ശുചിത്വമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയാനായി ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ശുചീകരണം കോര്‍പറേഷന്റെ ചുമതലയാണെന്ന് പറഞ്ഞ് പല വകുപ്പുകളും ഒഴിഞ്ഞുമാറി. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ആരോഗ്യവകുപ്പിന്റെ ജില്ലാതല ടീമും ബ്ലോക്ക് തല ടീമുമാണ് പരിശോധന ആരംഭിച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധി പടരാനുള്ള സാഹചര്യമൊരുക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കേസെടുക്കും. വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ഐസ് പ്ലാന്റുകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തും. കൊതുക് പെരുകിയതോടെ ജില്ലയില്‍ ദിവസം ശരാശരി 30 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേര്‍ക്ക് വീതം വൈറല്‍ പനിയും 150 പേര്‍ക്ക് വീതം ശരാശരി വയറിളക്കരോഗങ്ങളും പിടിപെടുന്നുണ്ട്. പനി ക്ലിനിക്ക് പറവൂരില്‍ പറവൂര്‍: ബിജെപി പറവൂര്‍ മണ്ഡലം കമ്മിറ്റി വൈകീട്ട് 4ന് തോന്നിയകാവില്‍ പനി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കും . ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.