സിവില്‍ സ്റ്റേഷന്‍ ഹരിത മാര്‍ഗരേഖയിലേക്ക്

Saturday 1 July 2017 10:45 pm IST

കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ ഹരിത മാര്‍ഗരേഖ നിലവില്‍ വരുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ശുചിത്വ പ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ സാന്നിധ്യത്തില്‍ ജില്ല കലക്ടര്‍ യു.വി. ജോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന രംഗത്ത് ജില്ലയുടെ ആദ്യമുന്‍ഗണന ഖരമാലിന്യ സംസ്‌കരണത്തിനാണെന്ന് കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുകയാണ്. നവംബര്‍ ഒന്നിന് ഇതിന്റെ പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കഠിന പ്രയ്തനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ ഓഫീസുകളെ മേഖലകളാക്കി തിരിച്ച് ഓരോ മേഖലയ്ക്കും ഓരോ ഓഫീസര്‍ര്‍ക്ക് ചുമതല നല്‍കി ശുചിത്വ നിലവാരം ഓരോ ആഴ്ചയും വിലയിരുത്തി അത് പരസ്യമായി പ്രദര്‍ശിപ്പിക്കും. ശുചിത്വ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മേഖലയും ഓരോ നിറങ്ങളിലാക്കി രേഖപ്പെടുത്തും. നിലവാരത്തിനനുസരിച്ച് നിറം മാറും. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നവര്‍ക്ക് ഉപഹാരം നല്‍കുമെന്നും കളക്ടര്‍ വിശദീകരിച്ചു. തുടര്‍ന്ന് കളക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക്കിന്റെയും ഡിസ്‌പോസിബിള്‍ സാധനങ്ങളുടെയും ഉപയോഗം പരമാവധി കുറക്കുന്നതിനും പ്രകൃതി സൗഹൃദമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതെ സൂക്ഷിച്ച് കൈമാറുന്നതിനുമുളള നടപടികളെടുക്കുന്നതാണെന്ന് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിപാലിച്ചുകൊണ്ട് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് സമ്പൂര്‍ണ മാലിന്യരഹിതമായി മാറ്റുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. തൊഴില്‍ സ്ഥലങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മറ്റുളളവരെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുമെന്നും ഓഫീസും പരിസരവും സമ്പൂര്‍ണ ശുചിത്വത്തോടെ പരിപാലിക്കുമെന്നും പ്രതിജ്ഞയെടുത്തു. കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ- ഓഡിനേറ്റര്‍ വേലായുധന്‍ സംബന്ധിച്ചു. കളക്ടറുടെ ഉത്തരവു പ്രകാരം ജൂലൈ ഒന്നു മുതലാണ് സിവില്‍ സ്‌റ്റേഷനില്‍ ഹരിത മാര്‍ഗരേഖ നിലവില്‍ വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.