ഡോക്ടര്‍മാരും ജീവനക്കാരുമില്ല; സിഎച്ച്‌സി പനിച്ച് വിറക്കുന്നു

Sunday 2 July 2017 12:07 pm IST

ചവറ: പ്രദേശത്ത് ഡങ്കിപനിയും പകര്‍ച്ചപനിയും സംഹാരതാണ്ഡവം ആടുമ്പോള്‍ പാവപെട്ട രോഗികളുടെ ഏകആശ്രമാകേണ്ട കൈച്ചൂണ്ടി പലകമുക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ പനിച്ച് വിറക്കുന്നു. ആശുപത്രിയില്‍ കുറഞ്ഞത് ഒമ്പത് ഡോക്ടര്‍മാര്‍ വേണമെന്നിരിക്കെ അഞ്ച് ഡോക്ടര്‍മാര്‍ മാത്രമാണ് സേവനം അനുഷ്ടിക്കുന്നത്. ഉച്ചക്കുശേഷം ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ ആശുപത്രിയിലെ കിടത്തിചികിത്സ ഭാഗികമായി നിലച്ചിട്ട് മൂന്ന് വര്‍ഷമായി. മതിയായ സ്ഥലസൗകര്യമുള്ള ഇവിടെ രോഗികള്‍ക്കായി 60 കിടക്കളാണുള്ളത്. ദിനംപ്രതി അറുപതിന് മുകളില്‍ പ്രസവം നടന്നുവന്ന ആശുപത്രിയില്‍ ഗൈനക്ക് ശിശുരോഗ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ്. ഇവിടെ മോര്‍ച്ചറി സംവിധാനം ഉണ്ടായിരുന്നത് കെട്ടിടം തകര്‍ന്നുവീണതോടെ ഇല്ലാതായി. കെഎംഎംഎല്‍ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം ഇതുവരെ പ്രവര്‍ത്തനസജ്ജമായിട്ടില്ല എന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കാതെ കെട്ടിടം തുറന്ന് നല്‍കിയാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതരുടെ ഭാഷ്യം. നഴ്‌സുമാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. നിലവില്‍ അഞ്ചുപേരാണ് ഉള്ളത്. ആശുപത്രിയിലെ അത്യാധുനിക ലാബില്‍ ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം ശോഷിച്ച അവസ്ഥയിലാണ്. ഇവിടെ ആറുപേര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണ് ഉള്ളത്. ബ്ലോക്ക്പഞ്ചായത്ത് ആശുപത്രിക്ക് വേണ്ടി അനുവദിച്ച ആംബുലന്‍സ് തുരുമ്പെടുത്ത് ഉപയോഗശൂന്യമായി. ഉപയോഗം കഴിഞ്ഞ സൂചി, സിറിഞ്ച് എന്നിവ നശിപ്പിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഇല്ല. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് അപകടങ്ങളില്‍പെടുന്നവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.