കുല്‍ഭൂഷണ് നയതന്ത്ര സഹായം; ഇന്ത്യയുടെ ആവശ്യം തള്ളി പാക്കിസ്ഥാന്‍

Sunday 2 July 2017 4:29 pm IST

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപണത്തെ തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ വീണ്ടും തള്ളി. കുല്‍ഭൂഷണിനും പാക് ജയിലില്‍ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ പൗരനായ ഹമീദ് നെഹല്‍ അന്‍സാരിക്കും എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് പാക്കിസ്ഥാന്‍ തള്ളിയത്. 2016 മാര്‍ച്ചില്‍ കുല്‍ഭൂഷണ്‍ പിടിക്കപ്പെട്ട ശേഷം ഇന്ത്യ നല്‍കിയ അഞ്ചാമത്തെ അപേക്ഷയാണ് പാക്കിസ്ഥാന്‍ തളളിയത്. അതേസമയം കുല്‍ഭൂഷണുമായി ബന്ധപ്പെട്ട കേസ് മത്സ്യതൊഴിലാളികളുടേയും മറ്റ് തടവുകാരുടേയും ഗണത്തില്‍ ഉള്‍പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ ആരോപിച്ചു. കുല്‍ഭൂഷണ്‍ ചാരവൃത്തിയിലേര്‍പ്പെട്ടെന്നും അത് മൂലം നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടെന്നും നഫീസ് ആരോപിച്ചു. ഇന്ത്യയുമായി 2008 മേയ് 21ന് ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടി പാക്കിസ്ഥാന്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെങ്കിലും ഇന്ത്യ അതില്‍ നിന്ന് വ്യതിചലിക്കുന്നു. പാക് ജയിലില്‍ കഴിയുന്ന അഞ്ച് ഇന്ത്യക്കാരുടെ ശിക്ഷ ജൂണ്‍ 22ന് പൂര്‍ത്തിയായി. എന്നാല്‍ ശിക്ഷ പൂര്‍ത്തിയായി ഇന്ത്യയില്‍ കഴിയുന്ന 20 പാക് സ്വദേശികള്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ലെന്നും നഫീസ് പറഞ്ഞു. 107 പാക് മത്സ്യതൊഴിലാളികള്‍ക്കും 85 പാക് പൗരന്‍മാര്‍ക്കും നയതന്ത്ര സഹായം ലഭിക്കാനുണ്ട്. പാക് സ്വദേശികളും ജുവനൈല്‍ തടവുകാരുമായ ബാബര്‍ അലി, അലി റാസ എന്നിവരുടെ മോചനവും നടപ്പാക്കിയിട്ടില്ലെന്ന് നഫീസ് ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടിപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കൈമാറുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ തടവുകാരുടെ പട്ടിക പങ്കുവെക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് ഈ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത്. ചാരപ്രവര്‍ത്തനം ആരോപിച്ച് ഈ വര്‍ഷം ഏപ്രിലിലാണ് കുല്‍ഭൂഷണ് യാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. നാവികസേനാ ഓഫിസറായി 2003ല്‍ വിരമിച്ചശേഷം ഇറാനിലെ ചാബഹാറില്‍ ബിസിനസ്സിനായി എത്തിയ കുല്‍ഭൂഷണെ പാക്ക് പട്ടാളം തട്ടിക്കൊണ്ടു പോവുകയായിരുന്നു. വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മുംബൈ സ്വദേശിയായ അന്‍സാരി അഫ്ഗാനിസ്ഥാനില്‍ നിന്നും അനധികൃതമായി പാക്കിസ്ഥാനില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 2012ല്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍പോയ അന്‍സാരിയെ കാണാതാകുകയായിരുന്നു. പിന്നീടാണ് ഇയാള്‍ പാക്കിസ്ഥാന്‍ ജയിലിലാണെന്ന വിവരം ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.