ഈശ്വരന്‍ മാത്രം

Tuesday 24 July 2012 8:43 pm IST

നിങ്ങളുടെ സുരക്ഷിതത്വബോധം സത്യമില്ലാത്ത വസ്തുക്കളിലാകുമ്പോള്‍ വിശ്വാസം വളരുകയില്ല. എല്ലാ സുരക്ഷിതത്വ സന്നാഹങ്ങളും ഉപേക്ഷിക്കുമ്പോഴാണ്‌ വിശ്വാസം വളരുന്നത്‌. വിശ്വാസമാണ്‌ ഏറ്റവും ഉത്തമമായ സുരക്ഷിതത്വം. അത്‌ നിങ്ങളില്‍ പൂര്‍ണത ഉളവാക്കുന്നു. മനസ്സില്‍നിന്ന്‌ ആ ഉടമസ്ഥതാബോധം അപ്രത്യക്ഷമാകണം. സാമ്പത്തിക ഭദ്രതയും സാമൂഹ്യ ബന്ധങ്ങളും ഉണ്ടെങ്കിലും വിശ്വാസം ഇല്ലാത്തവന്റെ മനസ്സില്‍ ഭയമാണ്‌ ഉണ്ടാകുക. ജോലി, വീട്‌, ബന്ധുക്കള്‍ എല്ലാം അതതിന്റെ സ്ഥാനങ്ങളില്‍ നിര്‍ത്തണം. അവയെ അസ്ഥാനത്ത്‌ പ്രതിഷ്ഠിക്കുമ്പോഴാണ്‌ ഭയം വരുന്നത്‌. വീട്‌ പുറമെയാണ്‌, മനസ്സിലല്ല. പണം ബാങ്കിലോ, പോക്കറ്റിലോ വെച്ചുകൊള്ളു. മനസ്സില്‍ വയ്ക്കരുത്‌. സുഹൃത്തുക്കളേയും ബന്ധുക്കളേയും മനസ്സില്‍ കൊണ്ട്‌ നടക്കേണ്ട കാര്യമില്ല. ഇവയൊക്കെ ഒഴിവാക്കുമ്പോള്‍ ഈശ്വരനെ പ്രതിഷ്ഠിക്കാന്‍ മനസ്സില്‍ ഇടമുണ്ടാകും. ഈശ്വരന്‍ മാത്രമാണ്‌ നിങ്ങള്‍ക്കാകെയുള്ള രക്ഷ. ശരീരത്തെ ലോകത്തിന്‌ കൊടുത്തേക്കൂ. ആത്മാവിനെ ഈശ്വരനും. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈശ്വരന്‌ ഒരവസരം കൊടുക്കുക. ശബ്ദങ്ങളില്‍ വിശ്വസിച്ചോളു. എന്നാല്‍ പിന്നീട്‌ മൗനത്തിലേക്ക്‌ പ്രയാണം ചെയ്യണം. സന്തോഷകരമാണെങ്കില്‍ ശബ്ദങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ട്‌ തെറ്റില്ല. ശബ്ദം ശല്യമാകുമ്പോള്‍ നിശബ്ദതയിലും വിശ്വസിച്ചുകൊള്ളൂ. സത്യത്തില്‍ ജപവും ജ്ഞാനവും ആണ്‌ സുഖം തരുന്നത്‌. അതിനാല്‍ മന്ത്രങ്ങളുടെ ശബ്ദത്തിലും അറിവ്‌ തരുന്ന വാക്കുകളിലും വിശ്വസിക്കുക. വിശ്വാസം മസ്തിഷ്കത്തിന്റെ വിഷയമാണ്‌. ഭക്തി ഹൃദയത്തിന്റെയും. രണ്ടിനെയും ബന്ധിപ്പിക്കുന്നതാണ്‌ ജ്ഞാനം. ബുദ്ധി പാകമാകുമ്പോള്‍ ഭക്തിയാവുന്നു. പക്വമായ ഭക്തി ജ്ഞാനത്തിലേക്ക്‌ നയിക്കുന്നു. ധ്യാനം ബുദ്ധിയേയും ഹൃദയത്തേയും പക്വമാക്കുന്നു. പൂര്‍ണമായും വിശ്വാസമില്ലാത്തവനോ ഭക്തി ഇല്ലാത്തവനോ ആകുക അസാധ്യമാണ്‌. അവ തമ്മിലുള്ള സന്തുലനം ആണ്‌ ധ്യാനം. വിശ്വാസം ശാസ്ത്രത്തിലുമുണ്ട്‌, ആദ്ധ്യാത്മികതയിലുമുണ്ട്‌. ശാസ്ത്രജ്ഞന്‍, അറിയുമ്പോള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഭക്തന്‍, വിശ്വാസത്തിലൂടെ അറിവ്‌ നേടുന്നു. ശാസ്ത്രജ്ഞന്റെ അറിവ്‌ സ്ഥിരമല്ലാത്തതിനാല്‍ വിശ്വാസവും സ്ഥിരമല്ല. അവര്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിലാണ്‌ വിശ്വസിക്കുന്നത്‌. വിശ്വാസമാണ്‌ നിങ്ങള്‍ക്ക്‌ ശക്തിയും ഊര്‍ജ്ജവും നല്‍കുന്നത്‌. ആത്മനിഷ്ഠ, സ്ഥിരത, ശാന്തി, പ്രേമം മുതലായവ നല്‍കുന്നത്‌. വിശ്വാസമില്ലെങ്കില്‍ അതുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. പക്ഷേ, പ്രാര്‍ത്ഥിക്കാനുള്ള വിശ്വാസം വേണമെന്ന്‌ മാത്രം. മൂന്നു തലത്തിലുള്ള വിശ്വാസമുണ്ട്‌. ഒന്ന്‌ ആത്മവിശ്വാസം. നിങ്ങള്‍ക്ക്‌ എന്തിനും കഴിയുമെന്ന വിശ്വാസമാണ്‌ അത്‌. രണ്ട്‌ ലോകത്തിലുള്ള വിശ്വാസം. ലോകത്തില്‍ ജീവിക്കാന്‍ ഇതും ആവശ്യമാണ്‌. ഈ വിശ്വാസമുള്ളതുകൊണ്ടാണ്‌ നിങ്ങള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നത്‌. ഇനിയുള്ളത്‌ ദൈവത്തിലുള്ള വിശ്വാസമാണ്‌. ഈ വിശ്വാസമാണ്‌ നിങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കുന്നത്‌. ഇവയെല്ലാം അന്യോന്യം ബന്ധമുള്ളതാണ്‌. ഒരു യുക്തിവാദി തന്നിലും ലോകത്തിലും വിശ്വസിക്കുകയും ഈശ്വരനില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു എന്നാണ്‌ അവകാശപ്പെടുന്നത്‌. എന്നാല്‍ അവരുടെ വിശ്വാസങ്ങള്‍ക്ക്‌ ആഴമില്ല. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനെ എങ്ങനെയാണ്‌ അവര്‍ വിശ്വസിക്കുക? ലോകത്തില്‍ വിശ്വാസവും ഈശ്വരനില്‍ അവിശ്വാസവും ഉള്ളപ്പോള്‍ പൂര്‍ണതയോ ശാന്തിയോ ഉണ്ടാവില്ല. ശ്രീ ശ്രീ രവിശങ്കര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.