ഭീകരരുടെ സ്വന്തം നാട്!

Wednesday 5 July 2017 5:48 pm IST

മുന്നൂറ്റിയന്‍പത് മലയാളികള്‍ ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേരാനൊരുങ്ങി എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പത്തനംതിട്ടയൊഴികെ മറ്റെല്ലാ ജില്ലകളിലുംനിന്നുള്ളവര്‍ ഇതില്‍പ്പെടുന്നുവെന്നത് കേരളത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന കാന്‍സറാണിതെന്ന് തെളിയിക്കുന്നു. 21 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണം വഴിയാണ് കൂടുതല്‍ യുവാക്കള്‍ ഈ ഭീകരസംഘടനയുടെ വലയില്‍പ്പെട്ടതായി അറിവ് ലഭിച്ചതത്രെ. കണ്ണൂരില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍- 118. മലപ്പുറം-88, കാസര്‍കോഡ്-66, കോഴിക്കോട്-25, പാലക്കാട്-16 എന്നിങ്ങനെ പോകുന്നു ഐഎസിലേക്ക് ചേക്കേറിയവരുടെ സംഖ്യ. അവശേഷിക്കുന്ന ജില്ലകളില്‍നിന്ന് പത്തില്‍ താഴെ പേരാണുള്ളത്. എംബിബിഎസ്, എഞ്ചിനീയറിങ് എന്നിവയ്ക്ക് പഠിക്കുന്ന 20 വയസ്സിന് താഴെയുള്ള അഭ്യസ്തവിദ്യരാണ് ഈ യുവാക്കളെന്നതിനാല്‍ 'വഴിതെറ്റി'പ്പോയവരാണ് ഇവരെന്ന് പറയാനാവില്ല. ഐഎസിലേക്ക് ആകര്‍ഷിക്കപ്പെട്ട 350 പേരില്‍ 330 പേരുടെയും മനസ്സുമാറ്റാന്‍ 'ഓപ്പറേഷന്‍ പീജിയന്‍' എന്നു പേരിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ കൂട്ടായ ശ്രമത്തിലൂടെ കഴിഞ്ഞുവെന്ന് ഡിഐജി: ബി.എസ്. മൊഹമ്മദ് യാസിന്‍ പറയുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ യുവാക്കളെ ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍തന്നെ സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയതലത്തിലെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് കാക്കിക്കുള്ളിലെ അത്യന്തം ഗുരുതരമായ ഈ കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടത്. ഐഎസ് ഭീകരവാദത്തിലേക്ക് വഴിതെറ്റിപ്പോയവരെ മനംമാറ്റിയെന്ന അവകാശവാദം വിശ്വസിക്കാനാവാത്തത് ഇതുകൊണ്ടാണ്. ഏത് വിഭാഗത്തില്‍പ്പെട്ട ഇസ്ലാമിക ഭീകരവാദ പ്രവര്‍ത്തനങ്ങളോടും മൃദുസമീപനം സ്വീകരിക്കുക എന്നത് കേരളാ പോലീസിലെ ഒരു വിഭാഗത്തിന്റെ ശീലമാണ്. വാഗമണ്‍ ഭീകരപരിശീലനം 'ഇന്ത്യന്‍ മുജാഹിദ്ദീന്‍' എന്ന ഭീകരസംഘടനയുടെ രൂപീകരണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ശരിയായി അന്വേഷിക്കാതെ ഉഴപ്പുകയായിരുന്നു കേരളാ പോലീസ്. ഒടുവില്‍ മധ്യപ്രദേശ് പോലീസാണ് ഇതിലുള്‍പ്പെട്ട ചില പ്രതികളെ പിടികൂടിയത്. ആലുവയ്ക്കടുത്തെ പാനായിക്കുളം ഹാപ്പി ഒാഡിറ്റോറിയത്തില്‍ ദേശവിരുദ്ധ യോഗം ചേര്‍ന്ന കേസ് ദുര്‍ബലമാക്കിയത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണെന്ന് ശക്തമായ ആരോപണമുയര്‍ന്നിരുന്നു. 3600 ഹിന്ദു-ക്രൈസ്തവ യുവതികളെ പ്രേമം നടിച്ച് വിവാഹം കഴിച്ച് മതംമാറ്റിയെന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതിയില്‍ പോലീസ് നല്‍കിയത് 'ലൗ ജിഹാദ്' എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു! ലൗജിഹാദിന്റെ പേരിലുള്ള മതതീവ്രവാദത്തെ വെള്ളപൂശുന്നതിന് തുല്യമായിരുന്നു ഈ നടപടി. കാസര്‍കോഡ്, പാലക്കാട് എന്നീ ജില്ലകളില്‍നിന്ന് മതംമാറ്റിയ ഇസ്ലാമായ ചിലര്‍ ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ക്യാമ്പുകളില്‍ എത്തിപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിട്ടും കേരളാപോലീസിന് കുലുക്കമൊന്നുമുണ്ടായില്ല. ആധുനിക കേരളത്തിലെ ഇസ്ലാമിക ഭീകരവാദം അബ്ദുള്‍ നാസര്‍ മദനിയില്‍നിന്നുതന്നെ നുളളിക്കളയേണ്ടതായിരുന്നു. ഇതിനു പകരം നെല്‍സന്‍ മണ്‌ഡേലയെപ്പോലെ മനുഷ്യാവകാശപ്പോരാളിയായി ചിത്രീകരിച്ച് മദനിയെ ജയില്‍മോചിതനാക്കാന്‍ നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കുകയാണുണ്ടായത്. ലഷ്‌കറെ തൊയ്ബയുടെ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകുന്നതിനിടെ കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് നാല് മലയാളികള്‍ മരിക്കുകയുണ്ടായി. ഈ സംഭവത്തോടും തണുത്ത പ്രതികരണമാണ് കേരളത്തിലെ ഭരണകേന്ദ്രത്തില്‍നിന്നുണ്ടായത്. ഒന്നിനു പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും സമീപകാലത്തൊന്നും ഭീകരവാദത്തിന്റെ പശ്ചാത്തലം കേരളത്തിനില്ലെന്ന് പ്രചരിപ്പിക്കുകയാണ് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവുമൊക്കെ പിന്തുടരുന്നുവെന്ന് പറയുന്ന ചില മാധ്യമങ്ങള്‍ ചെയ്തത്. ഇതൊക്കെ ഭീകരവാദത്തിന് വളംവയ്ക്കുന്നതായിരുന്നു. ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും ആധുനികവും അതേസമയം പ്രാകൃതവുമായ രൂപമാണ് ഐഎസ്. 'ഐഎസ് ഇസ്ലാമല്ല' എന്ന് പ്രചരിപ്പിക്കുന്നവര്‍തന്നെ ഈ സംഘടനയുമായി ബന്ധപ്പെട്ട ആരെങ്കിലും പിടിയിലാവുമ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരും. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സക്കീര്‍ നായിക്കിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെട്ടപ്പോഴും ഭീകരവിരോധം പ്രസംഗിക്കുന്ന ചിലര്‍ പ്രതിരോധവുമായി രംഗത്തുവരികയുണ്ടായി. സക്കീറിനെതിരായ നടപടി മതപ്രചാരണ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് മുറവിളി കൂടുകയാണ് മുസ്ലിംലീഗിന്റെ ഒരു എംപിപോലും ചെയ്തത് ഇങ്ങനെയൊക്കെ സൃഷ്ടിക്കപ്പെടുന്ന അനുകൂല അന്തരീക്ഷമാണ് മലയാളികളായ യുവാക്കളെ ഭീകരവാദത്തിലേക്ക് വഴിനടത്തുന്നത്. കേരളത്തിലെ മതമൗലികവാദികളുടെയും മതഭീകരവാദികളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരമുണ്ട്. പക്ഷെ ഇടതു-വലതു മുന്നണി ഭരണത്തിന്റെ ഒരുപോലെയുള്ള സമ്മര്‍ദ്ദം കാരണം ഇതിനെതിരെ നടപടിയുണ്ടാവുന്നില്ല. കര്‍ശനമായ നടപടിയെടുത്താല്‍ മുസ്ലിം വോട്ടുബാങ്കിന്റെ ആനുകൂല്യം നഷ്ടമാകുമെന്ന ഭീതിയാണ് ഇതിനു കാരണം. ഈ മനോഭാവം മാറാത്തിടത്തോളം ഇസ്ലാമിക ഭീകരവാദത്തിന്റെ വിളനിലമായി കേരളം തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.