അഴിമതിയുടെ ഇടതുവല്‍ക്കരണം

Sunday 2 July 2017 7:47 pm IST

കേരളത്തിലെ സര്‍ക്കാരിന്റെ ഭരണമികവുകൊണ്ട് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ചെമ്പനോട വില്ലേജ് ഓഫിസീല്‍ കെട്ടിത്തൂങ്ങി മരിക്കുകയാണ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങളില്ലാതെ തോമസ് ആത്മഹത്യ ചെയ്തത്. 2015 വരെ കരം അടച്ചിട്ടുണ്ട്. അതിനുശേഷമുള്ള കാലത്തെ നികുതിയാണ് സ്വീകരിക്കാത്തത്. നികുതി അടച്ച രസീതും കൈവശാകാശ സര്‍ട്ടിഫിക്കറ്റും ഇല്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്പ്പാ എടുക്കാന്‍ കഴിയാഞ്ഞ തോമസ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷവും നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തോമസിന്റെ കുടുംബം വില്ലേജ് ഓഫീസിനു മുന്‍പില്‍ സമരം നടത്തിയിരുന്നു. അന്ന് തഹസീല്‍ദാര്‍ ഇടപെട്ടാണ് കരം സ്വീകരിച്ചത്. ഇപ്പോള്‍ കരം സ്വീകരിക്കാത്തതുകൊണ്ട് സഹികെട്ട് താന്‍ ആത്മഹത്യ ചെയ്യുമെന്ന് തോമസ് ഒരു കത്ത് വില്ലേജ് ഓഫീസര്‍ക്ക് കൊടുത്തിരുന്നു. എന്നിട്ടും വില്ലേജ് ഓഫീസര്‍ കനിഞ്ഞില്ല. ആ കത്ത് തോമസിന്റെ ഭാര്യയുടെ കയ്യില്‍ തിരിച്ചുകൊടുക്കുകയാണ് വില്ലേജ് ഓഫീസര്‍ ചെയ്തത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. റവന്യു ഉദേ്യാഗസ്ഥരുടെ അനാസ്ഥയും അഴിമതിയുംകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. വില്ലേജ് ഓഫീസ് ഉദേ്യാഗസ്ഥരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെയാണ് ജനങ്ങള്‍ ഇതൊക്കെ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് തിരുവനന്തപുരത്തു വെള്ളറട വില്ലേജ് ഓഫീസ് ഒരാള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടാന്‍ പല തവണ വില്ലേജ് ഓഫീസ് കയറിയിറങ്ങി മടുത്താണ് സാം കുട്ടി എന്ന പാവം റബ്ബര്‍ വെട്ടുതൊഴിലാളി വില്ലേജ് ഓഫീസ് കത്തിക്കാന്‍ തയ്യാറായത്. അടുത്തിടെയാണ് തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ വെങ്ങാനൂരുള്ള 50 വയസ്സുള്ള സുജ എന്ന സ്ത്രീ സ്വയം മണ്ണെണ്ണ ഒഴിച്ച് ആത്മാഹുതിക്കു ശ്രമിച്ചത്. വര്‍ഷങ്ങളായി നടപടികള്‍ എടുക്കാതെ അവരുടെ അപേക്ഷ വച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് ആത്മഹത്യാ ശ്രമം. ഇടതുഭരണം നിലവിലുള്ള കഴിഞ്ഞ ജൂലായിലാണ് ഉടുമ്പന്‍ചോലയിലെ വീട്ടമ്മ ഒരു മുഴം കയറില്‍ ജീവനൊടുക്കിയത്. തന്റെ രണ്ട് ഏക്കര്‍ 70 സെന്റ് വസ്തു റീ സര്‍വ്വേ ചെയ്തു കിട്ടണമെന്ന ആവശ്യവുമായി അഞ്ചാറു മാസം കയറിയിറങ്ങിയിട്ടാണ് ബെറ്റി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാഗമണ്ണിലെ എബ്രഹാം എന്ന തൊഴിലാളി ആത്മഹത്യ ചെയ്തതും റവന്യു ഉദേ്യാഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ്. റവന്യു ഉദ്യോഗസ്ഥരാണ് തന്റെ മരണത്തിനു ഉത്തരവാദികള്‍ എന്ന് എഴുതി വച്ച ഏബ്രഹാമിന്റെ ആത്മഹത്യാക്കുറിപ്പില്‍ തനിക്കു കിട്ടേണ്ട ഗ്രാറ്റുവിറ്റി തുകയായ 57000 രൂപയും പലിശയും എസ്‌റ്റേറ്റില്‍ ജപ്തിചെയ്തു വസൂലാക്കണമെന്ന ലേബര്‍ കോടതി ഉത്തരവ് റവന്യു ഉദേ്യാഗസ്ഥര്‍ പൂഴ്ത്തി വക്കുകയായിരിന്നുവെന്ന് ഏബ്രഹാം എഴുതിയിരുന്നു. അഴിമതിയാണ് ഇതിനൊക്കെ പ്രധാന കാരണം. കാശ് കൊടുത്താല്‍ മാത്രമേ കാര്യം സാധിക്കൂ എന്ന സ്ഥിതിയാണ് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റുകളിലും. സത്യസന്ധരായ കുറെ ഉദേ്യാഗസ്ഥര്‍ ഉണ്ടെങ്കിലും അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല അഴിമതിക്കാര്‍. അതിനാല്‍ എല്ലാ സേവനങ്ങള്‍ക്കും നിശ്ചിത 'കൂലി'യാണ് അലിഖിത നിയമം. അതിനെ അതിജീവിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയാതെ പോകുന്നു. വസ്തുസംബന്ധമായ എല്ലാ രേഖകള്‍ക്കും സാധാരണക്കാരന്‍ സമീപിക്കേണ്ടത് വില്ലേജ് ഓഫീസിനെയാണ്. സ്‌കൂളിലും മറ്റും കൊടുക്കേണ്ട മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കും. അതാണ് ഈ ഉദേ്യാഗസ്ഥരുടെ അക്ഷയ ഖനി. വില്ലേജ് ഓഫീസുകളില്‍ നടക്കുന്ന ഇക്കാര്യങ്ങള്‍ മേലുദേ്യാഗസ്ഥര്‍ക്കു അറിയില്ലെന്ന് ധരിക്കരുത്. വില്ലേജ് ഓഫീസിലെ കാര്യങ്ങള്‍ എല്ലാം താലൂക്ക് ഓഫീസിലും കളക്ടര്‍ ഓഫീസിലും അറിയാം. അവരും കണ്ണടയ്ക്കുന്നു, കൂട്ടുനില്‍ക്കുന്നു. അതുകൊണ്ട് മുകളിലോട്ടു പരാതി അയച്ചാലും ഒരു പ്രയോജനവും ഇല്ലാതെ പോകുന്നു. ഒരുദാഹരണം ചൂണ്ടിക്കാണിക്കാം. അടുത്തിടെ ഒരു 'ഒണ്‍ ആന്‍ഡ് ദി സെയിം', സര്‍ട്ടിഫിക്കറ്റിനുവേണ്ടി തിരുവനന്തപുരം കവടിയാര്‍ വില്ലേജ് ഓഫീസറെ സമീപിക്കുന്നു. കോടതിയില്‍ കൊടുക്കാന്‍ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫീസര്‍ എഴുതിക്കൊടുത്ത മറുപടി വിചിത്രം. 'കോടതി ആവശ്യപ്പെടാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍വാഹമില്ല.' ഒരാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ആ ആളല്ലേ വില്ലേജ് ഓഫീസില്‍ പോകേണ്ടത് ? അതോ കിട്ടേണ്ട ആളോ? കോടതി വില്ലേജ് ഓഫീസറെ സമീപിക്കണമെന്നാണോ? പരാതിയുമായി താലൂക്ക് ഓഫീസറെ സമീപിച്ചു. ഒരു അനക്കവും അവിടുന്നില്ല. അത് കഴിഞ്ഞ് കളക്ടര്‍ക്ക് പരാതി നല്‍കി. അതുകൊണ്ടും പ്രയോജനം ഒന്നുമുണ്ടായില്ല. ഒരു മറുപടി പോലും കിട്ടിയില്ല. മേലദേ്യാഗസ്ഥരുടെ കെടുകാര്യസ്ഥതയും താഴെത്തട്ടിലുള്ള അഴിമതിക്കാരെ സഹായിക്കുന്ന നിലപാടുമാണ് ഇവിടെ വെളിവാകുന്നത്. മൂന്നാറിലും മറ്റിടങ്ങളിലും അനധികൃത കയ്യേറ്റങ്ങള്‍ പലതും നിയമവിധേയമായി കണ്ടിട്ടുണ്ടല്ലോ. സര്‍ക്കാര്‍ ഭൂമിയും വനഭൂമിയുമൊക്കെ സ്വകാര്യ വ്യക്തികള്‍ക്കു പതിച്ചുനല്‍കിയതായി രേഖകള്‍ ഉണ്ടല്ലോ. അതൊക്കെ എങ്ങനെ സാധിച്ചെടുത്തു? പണം വാരിയെറിഞ്ഞതുകൊണ്ട്. രാജേന്ദ്രന്‍ പട്ടയം എന്നൊരു കള്ളപ്പട്ടയംതന്നെ മൂന്നാറില്‍ ഉണ്ട്. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ സര്‍ക്കാര്‍ ഭൂമിയാണ് സ്വകാര്യവ്യക്തി കൈയേറിയതെന്ന് തെളിയിക്കാന്‍ ലോകായുക്തവരെ എത്രകാലംകൊണ്ട് ശ്രമിക്കുന്നു. അത് ഇന്നും തീരുമാനമാകാതെ കിടക്കുന്നു. അത്തരം ഭൂമിയിടപാടുകളൊക്കെ വിദഗ്ധമായി ഒളിപ്പിക്കാന്‍ കഴിവുള്ള റവന്യു ഉദേ്യാഗസ്ഥരുണ്ട്. ഇതൊന്നും ഭരണാധികാരികള്‍ക്ക് അറിയില്ല എന്ന തെറ്റിധാരണയും വേണ്ട. തോമസിന്റെ ആത്മഹത്യ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് റവന്യു മന്ത്രിതന്നെ പറയുകയുണ്ടായി. അപ്പോള്‍ ഈ നടക്കുന്ന കാര്യങ്ങള്‍ എല്ലാം വ്യക്തമായി ഭരണാധികാരികള്‍ക്കും അറിയാം. കഴിഞ്ഞ കാലത്തുനടന്ന വില്ലേജ് ഓഫീസ് ആക്രമണങ്ങളും ആത്മഹത്യകളുമൊക്കെ മാധ്യമങ്ങളില്‍ വന്നതുകൊണ്ട് എല്ലാവര്‍ക്കും അറിവുള്ളതാണ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കാണാനോ പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം. മൂന്നാറില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ഒരുദേ്യാഗസ്ഥന്‍ നടപടി എടുത്തപ്പോള്‍ അതിനെതിരെ കയ്യേറ്റക്കാരുള്‍പ്പടെയുള്ളവരുടെ സര്‍വകക്ഷി യോഗം വിളിച്ചവരാണ് സര്‍ക്കാര്‍. മൂന്നാറില്‍ 22 സെന്റ് കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു വില്ലേജ് ഓഫീസ് സ്ഥാപിക്കാന്‍ തയ്യാറായ സബ് കലക്റ്റര്‍ക്കെതിരെ മറ്റൊരു സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷെ ആത്മഹത്യ ചെയ്യാന്‍ പോകുന്ന കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ല. ഇടതുസര്‍ക്കാരിന്റെ പ്രതികരണംതന്നെ അവരുടെ കര്‍ഷക വിരുദ്ധ നിലപാടിന് ഉദാഹരണമാണ്. ഒരു മന്ത്രി പറയുകയാണ് സര്‍ക്കാരിന്റെ യശസ്സിന് കളങ്കമാണ് ആത്മഹത്യയെന്ന്. സര്‍ക്കാരിന്റെ യശസ്സ് എന്താണെന്ന് ജനത്തിനറിയാം. എന്നാലും ആ മനോഭാവം നോക്കൂ. അവരുടെ യശസ്സ് മാത്രമാണ് അവരുടെ പരിഗണന. ആത്മഹത്യ ചെയ്ത തോമസ് അവര്‍ക്കു ആരുമല്ല. അനാഥമായ തോമസിന്റെ കുടുംബം അവര്‍ക്കു പ്രശ്‌നമല്ല. ഒരു സസ്‌പെന്‍ഷനും കുറെ പത്രപ്രസ്താവനകളുംകൊണ്ട് സര്‍ക്കാര്‍ തോമസിന്റെ മരണത്തിനു പരിഹാരം ചെയ്തുകഴിഞ്ഞു!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.