വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘം പിടിയില്‍

Sunday 2 July 2017 10:00 pm IST

  ശാന്തമ്പാറ: രാജകുമാരി മഞ്ഞക്കുഴി വനവാസിക്കുടിയില്‍ പാതിരാത്രി വീട് കുത്തിത്തുറന്ന് മര ഉരുപ്പടികളും വീട്ടുപകരണങ്ങളും മോഷ്ടിച്ച നാലംഗ സംഘത്തെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. സേനാപതി സ്വദേശികളായ പിണക്കാടന്‍സിറ്റി എടപ്പാട്ട് വീട്ടില്‍ ഷാജി(40), പള്ളിക്കുന്നേല്‍ സുധാകര്‍(31), മഞ്ഞക്കുഴി കല്ലേപ്പാറ എബി ജോണ്‍(30), കജനാപ്പാറ നെടുമറ്റത്തില്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്ജ് (32) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. വനവാസിയായ ദുരൈസാമി സുബ്ബയ്യയുടെ വീട്ടില്‍ നിന്നാണു മോഷണം നടത്തിയത്. എബി ജോണ്‍ വീട് നിര്‍മ്മാണത്തിനു ആവശ്യമായ മര ഉരുപ്പടികള്‍ ഷാജിക്ക് നല്‍കാമെന്ന് ഏല്‍ക്കുകയും, മറ്റ് പ്രതികളും ചേര്‍ന്ന് ഷാജിയുടെ ജീപ്പില്‍ ശനിയാഴ്ച്ച രാത്രിയോടെ മോഷണം നടത്തുകയും ആയിരുന്നു, ടി.വി, ഫ്രിഡ്ജ്, സോളാര്‍ പാനല്‍, മിക്‌സി തുടങ്ങിയ ഉപകരണങ്ങളും 32000 രൂപ വിലവരുന്ന മര ഉരുപ്പടികളുമാണ് മോഷണം പോയത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലേയ്ക്ക് ദുരൈസാമിയും കുടുംബവും നാളുകളായി താമസം മാറ്റിയിരുന്നതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. മോഷണത്തിനു ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിയിലായിരിക്കുന്ന ഷാജി നിരവധി കേസുകളിലെ പ്രതിയാണ്. സേനാപതിക്ക് സമീപം അയല്‍വാസിയെ ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതിനു പോലീസ് ഏതാനും മാസം മുന്‍പ് കേസ് എടുത്തിരുന്നു. പിതാവിനെയും, ഭാര്യാപിതാവിനെയും കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതായും കേസ് ഉണ്ടായിരുന്നു. പ്രതികള്‍ ഉള്‍പ്പെട്ട മറ്റ് കേസുകള്‍ സംബന്ധിച്ച് പോലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്‌ഐ വി വിനോദ്കുമാര്‍, അഡീ.എസ്.ഐ ബേബി ഉലഹന്നാന്‍, ഉദ്യോഗസ്ഥരായ ജോര്‍ജ്ജ് കുര്യന്‍, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.