പുല്‍കോര്‍ട്ടിലെ പോരാട്ടത്തിന് ഇന്ന് തുടക്കം

Sunday 2 July 2017 10:31 pm IST

ലണ്ടന്‍: പുല്‍കോര്‍ട്ടിലെ തീപ്പൊരിപോരാട്ടത്തിന് അരങ്ങുണരുകയായി. ഈ വര്‍ഷത്തെ മൂന്നാം ഗ്രാന്‍ഡ് സ്ലാമായ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഇന്ന് തിരശീല ഉയരും. നിലവിലുളള പുരുഷ ചാമ്പ്യനായ ആന്‍ഡി മുറെയും റോജര്‍ ഫെഡററും റാഫേല്‍ നദാലും നൊവാസെക്ക് ദ്യോക്കോവിച്ചുമൊക്കെ കീരിടത്തിനായി കച്ചമുറുക്കന്നതോടെ പുല്‍കോര്‍ട്ടിന് തീപിടക്കും. പരിക്കില്‍നിന്ന് മോചിതനായി കളിക്കളത്തിലേക്ക് വരുന്ന മുറെ ആദ്യ മത്സരത്തില്‍ ഇന്ന് കസാക്ക്സ്ഥാന്റെ അലക്‌സാണ്ടര്‍ ബബ് ലിക്കനെ എതിരിടും. കഴിഞ്ഞതവണ ഇവിടെ സെമിയില്‍ തോറ്റ സ്വിസ് താരം റോജര്‍ ഫെഡറര്‍ ചരിത്രം കുറിക്കാനാണ് കളിത്തിലിറങ്ങുന്നത്. ഇത്തവണ കിരീടം ശിരസിലേറ്റിയാല്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണില്‍ ചാമ്പ്യനാകുന്ന താരമെന്ന നേട്ടം റോജര്‍ക്ക് സ്വന്തമാകും. നിലവില്‍ പീറ്റ് സാംപ്രസും ഫെഡററും ഏഴുതവണ വീതം വിംബിള്‍ഡണ്‍ നേടിയിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ നിലവിലെ ജേത്രി സെറീന വില്ല്യംസ് ഇത്തവണ കിരീടപ്പോരാട്ടത്തിനില്ല. ഗര്‍ഭിണിയായതിനാല്‍ സെറീന പിന്മാറി. ഈ സാഹചര്യത്തില്‍ ലോക ഒന്നാം നമ്പറായ ഏഞ്ചലീക്ക കെര്‍ബര്‍ക്ക് കിരീട സാധ്യതയേറി. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ കെര്‍ബറെ തകര്‍ത്താണ് സെറീന കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ റൗണ്ടില്‍ കെര്‍ബര്‍ അമേരിക്കയുടെ ഫാല്‍കോണിയെ നേരിടും. രണ്ടുതവണ ചാമ്പ്യനായ പെട്രാ കിറ്റ്‌കോവയും സ്‌പെയിനിന്റെ ഗാര്‍ബീന മുഗുരസയും കിരീടത്തിനായി പൊരുതാനിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.